ആവേശപ്പോരാട്ടത്തില്‍ രണ്ടാം സ്ഥാനമുറപ്പിച്ച് പേരാമ്പ്ര; സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം


കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിന്റെ ആവേശമലയടിച്ച സ്കൂള്‍ കായിക മേളയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ് പേരാമ്പ്ര ഉപജില്ല. അറുപത്തിനാല് പോയിന്റ് നേട്ടമാണ് ഇപ്പോഴുള്ളത്. നൂറ്റി തൊണ്ണൂറ്റി രണ്ട് പോയന്റുമായി മുക്കം സബ്ജില്ലയാണ് ഒന്നാം സ്ഥാനത്ത്. നാല്‍പത്തിയേഴ് പോയന്റുമായി ബാലുശേരി മൂന്നാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരങ്ങളോടെ സബ്ജില്ലാ കായിക മേള സമാപിക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും എട്ട് വെങ്കലവുമാണ് രണ്ടാം സ്ഥാനത്തുള്ള പേരാമ്പ്രയുടെ ഇതുവരെയുള്ള നേട്ടം. പത്തൊന്‍പത് സ്വര്‍ണവും ഇരുപത്തിയേഴ് വെള്ളിയും പതിനാറ് വെങ്കലവുമാണ് ഒന്നാം സ്ഥാനക്കാരായ മുക്കം ഉപജില്ല സ്വന്തമാക്കിയത്. ഏഴ് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ബാലുശ്ശേരി നേടിയത്.
സ്‌കൂളുകളിലും നാല്‍പത്തിമൂന്ന് പോയിന്റുമായി പേരാമ്പ്ര കുളത്തുവയല്‍ സെന്റ് ജോസഫ്‌സ് എച്ച്‌.എസ്.എസാണ് രണ്ടാംസ്ഥാനത്തുള്ളത്. നൂറ്റി ഇരുപത്തിയൊന്ന് പോയിന്റുമായി പുല്ലൂരാംപാറ സെന്റ് ജേസഫ്‌സ് എച്ച്‌.എസ്. ഒന്നാമതാണ്. ഇരുപത്തിയൊന്‍പത് പോയന്റുമായി പൂവമ്പായി എ.എം.എച്ച്‌.എസ്.എസാണ് മൂന്നാംസ്ഥാനത്ത്.അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കൊവിഡ് കാലത്തിന് ശേഷം മികച്ച പ്രതിഭകൊണ്ടും കായിക ക്ഷമതകൊണ്ടും കളിക്കളത്തില്‍ വിസ്മയവും റെക്കോര്‍ഡുകളും സൃഷ്ടിച്ചാണ് കുട്ടികള്‍ മുന്നേറുന്നത്. കേരളത്തിന്റെ കായിക മേഖലയിലെ ഭാവി പുത്തന്‍ തലമുറാ കായിക താരങ്ങളാല്‍ സമ്പന്നമാകുമെന്ന സൂചന കൂടിയാണ് ഇത്തവണത്തെ കായികമേള.

ആണ്‍- പെണ്‍ വിഭാഗം ക്രോസ് കണ്‍ട്രി, പോള്‍വാര്‍ട്ട് – ജൂനിയര്‍ ആണ്‍, സിനിയര്‍ പെണ്‍, ട്രിപ്പിള്‍ ജംപ് – ജൂനിയര്‍ പെണ്‍, ജൂനിയര്‍ ആണ്‍, സീനിയര്‍ ആണ്‍, ഡിസ്കസ് ത്രോ- സിനിയര്‍ ആണ്‍, ജൂനിയര്‍ പെണ്‍, ജാവലിന്‍ത്രോ – സീനിയര്‍ പെണ്‍, സീനിയര്‍ ആണ്‍, 200 മി ഓട്ടം, 800 മി, 600മി, 4×100മി റിലേ ,4×400 മി റിലേ എന്നിവയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരങ്ങള്‍.

[mid5]