കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശികൾ രാജസ്ഥാൻ പോലീസിന്റെ പിടിയിൽ
കോഴിക്കോട്: കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയകേസിൽ കോഴിക്കോട് സ്വദേശികളായ മൂന്നുപേർ രാജസ്ഥാൻ പോലീസിന്റെ പിടിയിലായി. കുതിരവട്ടം ഗോവിന്ദപുരം സ്വദേശി ആർ. ശ്രീജിത്ത് , കല്ലായി തിരുവണ്ണൂരിലെ ടി.പി. മിഥുൻ, ചാലപ്പുറം എക്‌സ്പ്രസ് ടവറിൽ വന്ദന എന്നിവരാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ കരാറുകാരൻ മഹേഷ്‌കുമാർ അഗർവാൾ എന്നയാളെ നിർമാണസാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് സംഘം മഹേഷ്കുമാറിനെ പരിചയപ്പെട്ടത്. സിമന്റ്, ഇഷ്ടിക, ഈറ്റ തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. ടെലിഗ്രാംവഴിയാണ് പണമിടപാടും നടത്തിയത്.

സാധനങ്ങൾ കിട്ടാതായതോടെ പലവട്ടം മഹേഷ്‌കുമാർ മൂവരെയും ബന്ധപ്പെട്ട് നിർമാണസാമഗ്രികൾ അയച്ചുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, സാധനങ്ങൾ കിട്ടിയില്ല. തട്ടിപ്പിനിരയായെന്ന് മനസിലായതോടെ കരാറുകാരൻ രാജസ്ഥാനിലെ കുച്ചാമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.