കഞ്ചാവുമായി കോഴിക്കോട് സ്വദേശി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ; നാല് കിലോയിലധികം കഞ്ചാവ് എത്തിച്ചത് ബാങ്കോക്കിൽ നിന്ന്
മുംബൈ: കഞ്ചാവുമായി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26) ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് യുവാവ് 4.147 കിലോ കഞ്ചാവുമായി ശനിയാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
ട്രോളി ബാഗിൽ പത്ത് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഉൽപാദിപ്പിച്ച കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇംഗ്ലീഷ് ലെറ്ററുകൾ രേഖപ്പെടുത്തിയ ചെറുകവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബാങ്കോക്കിൽ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് ഇയാൾ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കാസർഗോഡ് സ്വദേശിയായ അഹമ്മദ് എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.