‘ആണ്‍കുട്ടിയാണെന്ന് അമ്മൂമ്മയോട് പറഞ്ഞു, അമ്മയ്ക്ക് നല്‍കിയത് പെണ്‍കുഞ്ഞിനെ’; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നവജാതശിശുവിനെ മാറി നല്‍കിയെന്ന പരാതിയുമായി വടകര സ്വദേശികള്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ മാറിനല്‍കിയെന്ന പരാതിയില്‍ ഡി.എന്‍.എ പരിശോധനക്കൊരുങ്ങി മാതാപിതാക്കള്‍. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ മാറിനല്‍കിയെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്.
വടകര സ്വദേശികളായ ദമ്പതികളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ ആറിനാണ് വടകര സ്വദേശിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയോട് ആണ്‍കുഞ്ഞാണെന്ന് ഡ്യൂട്ടി നഴ്‌സ് അറിയിച്ചതായി പിതാവ് പറഞ്ഞു. പ്രസവിച്ചയുടന്‍ അമ്മയെ കാണിക്കാതെ കുഞ്ഞിനെ അമ്മയുടെ പക്കല്‍നിന്ന് മാറ്റിയിരുന്നു. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കരയാത്തതുകൊണ്ടാണ് മാറ്റിയതെന്നായിരുന്നു വിശദീകരണം. പിന്നീട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുഞ്ഞിനെ കൊണ്ടുവന്ന് കാണിക്കുകയായിരുന്നു.
കുഞ്ഞിന്റെ ചുണ്ട്, തൊണ്ട, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് ആശുപത്രി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ആദ്യമാസം മുതല്‍ സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയപ്പോഴൊന്നും ഇത്തരത്തില്‍ പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരാതി നല്‍കുന്നതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
ഇത് സംബന്ധിച്ച് മാതൃശിശു സംരക്ഷണ കേന്ദ്രം അധികൃതരോട് പൊലീസ് വിശദീകരണം തേടി. കുഞ്ഞിനെ മാറിപ്പോയിട്ടില്ലെന്നാണ് അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
കുഞ്ഞ് മാറിപ്പോയിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, മാതാപിതാക്കള്‍ പരാതി പറഞ്ഞയുടന്‍ പ്രഥമികാന്വേഷണം നടത്തിയെന്നും മാറിപ്പോയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ദമ്പതികളുടെ പരാതിയില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ശിപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ ലാബില്‍ ഡി.എന്‍.എ പരിശോധന നടത്താനാവൂ. ഇതിന്റെ ഭാഗമായാണ് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്‍ശന്‍ അറിയിച്ചു.
ഡി.എന്‍.എ പരിശോധനക്ക് ശേഷം മാത്രമേ കേസെടുക്കാനാകൂവെന്ന് പൊലീസും വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ഡി.എന്‍.എ സാമ്പിള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയക്കും. ലാബിലേക്ക് അപേക്ഷ നല്‍കിയതായും പൊലീസ് വ്യക്തമാക്കി.