കോഴിക്കോട്ടേ ലോ കോളേജ് വിദ്യാർത്ഥിനിയുടെ മരണം; ആരോപണ വിധേയനായ കോവൂർ സ്വദേശിയായ യുവാവ് ഒളിവിൽ
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ യുവാവ് ഒളിവിൽ. തൃശ്ശൂർ പാവറട്ടി കൈതക്കൽ വീട്ടിൽ മൗസ മെഹ്‌രിസിനെ(21)യാണ് പെയിംങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ ബന്ധുക്കളാണ് കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവിനെതിരെ പരാതി നൽകിയത്.
യുവാവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. മൗസയുടെ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പേരിൽ കേസെടുക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ എന്തിനാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച യുവാവ് ഗൂഡല്ലൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചേവായൂർ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. അതിന് രണ്ടുദിവസം മുമ്പ് വയനാട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. വെള്ളിമാടുകുന്ന് ഇരിങ്ങാടൻപള്ളി റോഡിന് സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് മൗസയുടെ മൃതദേഹം കണ്ടത്. സുഹൃത്താണ് മുറി തള്ളിത്തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ മൗസയെ ആദ്യം കണ്ടത്.