കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് മുന്നില്‍; കലോത്സവം ഇന്ന് കൊടിയിറങ്ങുമ്പോള്‍ കലാകിരീടം ആര്‍ക്കെന്നറിയാന്‍ ഇനി പതിനൊന്ന് മത്സരങ്ങള്‍ കൂടി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ അവസാന ദിനം പോരാട്ടം കനക്കും. ആദ്യദിനം മുതല്‍ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള കണ്ണൂര്‍ ജില്ലയുടെ കുതുപ്പിന് നാലാംദിനത്തില്‍ കോഴിക്കോട് തടയിട്ടതോടെ ആറ് പോയിന്റുകള്‍ക്ക് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുകയാണ്.
891 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 883 പോയിന്റാണ്. നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ് തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്റ കുതിപ്പിന് ആക്കം കൂട്ടിയത്.
അവാസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണുള്ളത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം.
കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാമ്പ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നിലെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 409 പോയന്റുള്ള കോഴിക്കോടുതന്നെയാണ് മുന്നില്‍. 403 പോയന്റുള്ള തൃശൂരാണ് രണ്ടാമത്. പാലക്കാടിന് 403 പോയന്റുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 471 പോയന്റുള്ള കണ്ണൂര്‍ മുന്നില്‍ നില്‍ക്കുന്നു. കോഴിക്കോടിന് 460 പോയന്റുണ്ട്. പാലക്കാട് 451 പോയന്റ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ കൊല്ലവും എറണാകുളവും ഒപ്പമാണ്. 90 പോയന്റ്. 88 പോയന്റുള്ള തൃശൂരും കോഴിക്കോടും പിന്നിലുണ്ട്. അറബിക് കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്. 95 പോയന്റ്. തൊട്ടുപിന്നില്‍ 93 പോയന്റുമായി എറണാകുളവും മലപ്പുറവും.