റോഡ് വെട്ടുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യതകളും ബഫർ സോൺ നിയന്ത്രണവും പഠിക്കും; കോഴിക്കോട് ഗവ. ലോ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് കൂരാച്ചുണ്ടിൽ


കൂരാച്ചുണ്ട്: കോഴിക്കോട് ഗവ. ലോ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് കൂരാച്ചുണ്ടിൽ തുടക്കമായി. ക്യാമ്പിന്റെ ഭാഗമായി ഓട്ടപ്പാലം എലീസ ഗാർഡൻ റിസോർട്ട് മുതൽ മണ്ടോപാറ വടക്കയിൽ ജോയി മാഷുടെ വീട് വരെ എത്തുന്ന പുഴയോരത്തെ റോഡ് നവീകരണത്തിന് വളണ്ടിയേഴ്സ് തുടക്കം കുറിച്ചു.

ക്യാമ്പിന്റെ ഭാഗമായി വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ഈ മേഖലയെ പറ്റി പഠിച്ച് റിപ്പോർട്ട് ഉണ്ടാക്കുകയും, അത് സർക്കാറിലേക്ക് സമർപ്പിക്കുകയും ചെയ്യും. മാർച്ച് 24 വരെയാണ് ക്യാമ്പ്.

മലബാർ വന്യജീവി സങ്കേതത്തിനോട് ചേർന്ന് നിലക്കുന്ന ഇവിടം ജൂൺ മൂന്നിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ബഫർസോൺ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ബഫർസോണിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും ഈ പ്രദേശത്തെ ജനങ്ങളേയും, കർഷകരേയും എന്തൊക്കെ തരത്തിലാണ് ബാധിക്കുകയെന്ന ആധികാരികമായ പഠനം നടത്തുവാനും, പഠന റിപ്പോർട്ട് സർക്കാറിലേക്കും കോടതികളിലേക്കും എത്തിക്കാനുള്ള ശ്രമങ്ങളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാവും.