ഡെങ്കിപ്പനി ഭീതിയൊഴിയാതെ കോഴിക്കോട് ജില്ല; കഴിഞ്ഞമാസം ദിനം പ്രതി സർക്കാർ ആശുപത്രികളിൽ എത്തിയത് 20 അധികം രോ​ഗികൾ


കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഡെങ്കി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രത തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി വരുന്നത്.

കഴിഞ്ഞ മാസം ദിവസേന ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്ക് സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിന്റെ മൂന്നിരട്ടി പേർ സ്വകാര്യ ആശുപത്രികളിൽ എത്തുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്നു കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനി ഉയർത്തുന്ന ആശങ്ക. അതിനാൽ ആരംഭത്തിൽ തന്നെ ഡെങ്കിയാണെന്ന് കണ്ടുപിടിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം.

കടുത്ത രോഗമുള്ളവരിൽ (ഡെങ്കി ഷോക് സിൻഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയിൽ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കി ഹെമറാജിക് ഫീവർ). ഈ 2 പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊതുകു നിർമാർജനത്തിന് പൊതു ജനത്തിന്റെ സേവനം കൂടി ആവശ്യമുണ്ടെന്ന് അധികൃതർ പറയുന്നു.

Description: Kozhikode district without fear of dengue; Last month, more than 20 patients came to government hospitals every day