കോഴിക്കോട് ജില്ല ഇനി മാലിന്യമുക്തം; മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾക്ക് മികച്ച പഞ്ചായത്തായി മണിയൂരും മുൻസിപ്പാലിറ്റിയായി വടകരയും തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട്: ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മാലിന്യമുക്ത നവകേരള ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ മാലിന്യമുക്ത പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിൻ്റെ സ്വന്തം നാട് ശുചിത്വ പൂർണമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനു വേണ്ട വലിയ അദ്ധ്വാനമാണ് മാലിന്യമുക്ത നവകേരള പദ്ധതി വഴി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിറവേറ്റിയതെന്നൂം അത് നിലനിർത്താൻ വേണ്ട നടപടികൾ കൂടി കൈക്കൊള്ളണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ജില്ലയിലെ എഴുപത് ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോഴിക്കോട് കോർപ്പറേഷനും മാർച്ച് മുപ്പതിനും പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ ഏപ്രിൽ മൂന്നാം തിയ്യതിയും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. കാമ്പയിനിൻ്റെ ഭാഗമായി ജില്ലയിൽ 5,468 ഹരിത സ്ഥാപനങ്ങളും 1,480 ഹരിത വിദ്യാലയങ്ങളും 27,618 ഹരിത അയൽകൂട്ടങ്ങളും 276 ഹരിത സുന്ദര ടൗണുകളും 808 വൃത്തിയുള്ള പൊതു സ്ഥലങ്ങളും 29 ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യ മുക്ത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ഇതുവഴി കൈവരിച്ചു.

അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിർവഹണ സമിതി കൺവീനർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ പിപി നിഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് എൻപി ബാബു, ഷീജ ശശി, ലീഷ മോഹൻ എന്നിവർ സംസാരിച്ചു.
മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾക്ക് മികച്ച പഞ്ചായത്തായി മണിയൂർ (ഒന്നാം സ്ഥാനം), തലക്കുളത്തൂർ, പെരുമണ്ണ (രണ്ട്), മേപ്പയൂർ, കുറ്റ്യാടി (മൂന്ന്), ബ്ലോക്കായി കുന്നുമ്മൽ (ഒന്ന്), കോഴിക്കോട് (രണ്ട്), പേരാമ്പ്ര (മൂന്ന്), മുനിസിപ്പാലിറ്റിയായി വടകര, കൊയിലാണ്ടി (ഒന്ന്), പയ്യോളി, മുക്കം (രണ്ട്) എന്നീ തദ്ദേശ സ്ഥാപനങ്ങൾ പുരസ്കാരങ്ങൾക്ക് അർഹരായി. പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ വൃത്തി 2025 അവതരണം നടത്തി. തുടർന്ന് കുടുംബശ്രീ മിഷൻ്റെ കലാപരിപാടികളും മജീഷ്യൻ പ്രദീപ് ഹുഡിനോയുടെ ശുചിത്വ മാലിന്യ സന്ദേശം ഉൾക്കൊള്ളുന്ന മാജിക് ഷോയും സംഘടിപ്പിച്ചു.