‘മോദി ഭരണം വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുന്നു’; മേപ്പയ്യൂരില്‍ കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം


മേപ്പയ്യൂര്‍: കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മോദി ഭരണം വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.എം.എസ്.ആര്‍.എ സംസ്ഥാന പ്രസിഡന്റും സി.ഐ.ടി.യു ജില്ലാ ട്രഷററുമായ കെ.എം.സന്തോഷ്.

മേപ്പയ്യൂരില്‍ കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കുത്തകകളുടെ 11 ലക്ഷം കോടി കിട്ടാക്കടം എഴുതി തള്ളിയ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിതള്ളുന്നില്ല. തൊഴിലില്ലായ്മ നിരക്കും, പണപ്പെരുപ്പവും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണെന്നും അസംഘടിതമേഖലയിലെ കോടിക്കണക്കായ തൊഴിലാളികളുടെ ജീവിതം എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എറിയുകയാണ് കേന്ദ്ര ഗവണ്‍മെന്റന്നും അദ്ദേഹം ആരോപിച്ചു.

കെ.എസ്.ബി.യു ജില്ലാ പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. സോമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി വി.ജി. ജിജോ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ടി.ജി. നാരായണന്‍, എം.എം. സുനില്‍ കുമാര്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ഏരിയ സെക്രട്ടറി കെ. സുനില്‍, കെ.എസ്.ആര്‍.ടി.സി എംപ്പോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.സി. അനൂപ്, ചുമട്ട് തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം കെ. രാജീവന്‍, എം. ബാബു, എം. ദാമോദരന്‍, എം.പി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.