കോഴിക്കോട് ബീച്ചിലേക്ക് പോകുന്നവർ വഴി മാറിപ്പോകണേ… സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു; നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗത ക്രമീകരണം അറിയാം


കോഴിക്കോട്: നഗരത്തിലെ പ്രധാന മേല്‍പ്പാലങ്ങളിലൊന്നായ സി.എച്ച് മേല്‍പ്പാലം അടച്ചിടും. നാല്‍പ്പത് കൊല്ലത്തെ പഴക്കമുള്ള സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് ചൊവ്വാഴ്ച മുതൽ അടച്ചിടുന്നത്. രണ്ട് മാസത്തേക്കാണ് പാലം അടച്ചിടുക. ഇക്കാലയളവില്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും.

കണ്ണൂര്‍ റോഡിനെയും റെയില്‍പാതയെയും മുറിച്ച് കടന്നാണ് സി.എച്ച് മോല്‍പ്പാലം പോകുന്നത്. 1986 ല്‍ മേല്‍പ്പാലത്തിന്മേല്‍ പതിച്ച മമ്മൂട്ടി ചിത്രം വാര്‍ത്തയുടെ പോസ്റ്റര്‍ കൗതുകക്കാഴ്ചയായി ഇപ്പോഴും കാണാം. കൂടാതെ നിപ്പ മഹാമാരിയെ കോഴിക്കോട് അതിജീവിച്ച കഥയുടെ ചിത്രങ്ങളും പാലത്തില്‍ കാണാം.

എന്നാല്‍ പാലം ഇപ്പോള്‍ അപകടാവസ്ഥയിലാണ്. കൈവരികളില്‍ ഭൂരിഭാഗവും തകര്‍ന്ന് കമ്പികള്‍ പുറത്തെത്തിയ അവസ്ഥയിലാണ്. ഫൂട്ട്പാത്തിലെ സ്ലാബുകളും പൊട്ടിയിട്ടുണ്ട്. പാലത്തിന്റെ പുറംഭാഗം പൊളിഞ്ഞു തുടങ്ങിയപ്പോഴാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാലത്തിന് താഴെയുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് ബലപ്പെടുത്താന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി ഗതാഗതം നിര്‍ത്താതെ മറ്റ് പണികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാലം അടച്ചിടാന്‍ തീരുമാനിച്ചത്.

ബീച്ച്, ബീച്ച് ആശുപത്രി, കോടതി, കോര്‍പ്പറേഷന്‍ ഓഫീസ്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്. പാലം അടച്ചിടുന്ന ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ച് ഗതാഗതം ക്രമീകരിക്കും. മാറിപ്പോകേണ്ട വഴികള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കും.

60 പൊലീസുകാരെ അധികമായും 60 സിവില്‍ വളന്റിയര്‍മാരെയും വിന്യസിക്കും. ഗതാഗത ക്രമീകരണത്തിന് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. റെയില്‍വേ ലൈനിന് ഇടതുവശം സ്‌കൂളുകള്‍ക്കുസമീപം അപകട മുന്നറിയിപ്പ് നല്‍കാന്‍ റെയില്‍വേ ശ്രദ്ധിക്കും. ട്രെയിന്‍ ലെവല്‍ക്രോസിലെത്തുമ്പോള്‍ ഹോണ്‍ മുഴക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കും. ലെവല്‍ ക്രോസുകളില്‍ വെളിച്ചമൊരുക്കും.

ഗതാഗത ക്രമീകരണം ഇങ്ങനെ

  • കല്ലായി ഭാഗത്തുനിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകള്‍ ഓയിറ്റി റോഡ്, മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ വഴി ക്രിസ്ത്യന്‍കോളേജ് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേല്‍പ്പാലം കയറി പോകണം.
  • ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസ്സുകള്‍ മേല്‍പ്പാലം കയറി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ കിഴക്കുവശത്തുകൂടി വയനാട് റോഡ് വഴി ബി.ഇ.എം സ്‌കൂള്‍ സ്റ്റോപ്പ് വഴി പോകണം
  • കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം ജങ്ഷന്‍ കല്ലായി റോഡ് ലിങ്ക് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് റെയില്‍വേ മേല്‍പ്പാലം വഴി പോകണം
  • സി.എച്ച് ഫ്‌ളൈ ഓവര്‍ കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എല്‍.ഐ.സി ജങ്ഷന്‍, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാംഗേറ്റ് കടന്നുപോകണം.
  • നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഗാന്ധിറോഡ് മേല്‍പ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകണം.
  • പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്കുഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ ഫ്രാന്‍സിസ് റോഡ് ഫ്‌ളൈ ഓവര്‍ കയറി പോകണം
  • മലപ്പുറം, പാലക്കാട്, മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് വന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജങ്ഷനില്‍നിന്ന് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ളൈ ഓവര്‍ കയറി പോകണം
  • വയനാട് ഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിറ്റിയില്‍ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്‌ളൈ ഓവര്‍ കയറി പോകണം.
  • ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ.ബൈജുവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ട്രാഫിക് അസിസ്റ്റന്റ് കമീഷണര്‍ എ.ജെ.ജോണ്‍സണ്‍, ട്രാഫിക് എസ്.ഐ എം.മനോജ് ബാബു എന്നിവരും പങ്കെടുത്തു.