തല മറച്ചും, ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ചും ഭിക്ഷാടനം; കോഴിക്കോട് ഭിക്ഷാടന മാഫിയ സജീവം, ജാഗ്രത പാലിക്കണമെന്ന് പോലീസ്


കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ഭിക്ഷാടനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. ഇടക്കാലത്ത് നന്നേ കുറഞ്ഞിരുന്ന ഭിക്ഷാടനം നഗരത്തില്‍ വീണ്ടും സജീവമാകുന്നത് നഗരത്തിലെ വാഹനയാത്രക്കാര്‍ക്കും തടസമാവുകയാണ്. നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ കേന്ദ്രീകരിച്ചും മറ്റും ഭിക്ഷ യാചിക്കാന്‍ എത്തുന്ന ഇതര സംസ്ഥാനക്കാര്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പെട്ടന്നെത്തുന്നത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു.

ഇത്തരത്തിലുള്ള നിരവധി സംഘങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിരിക്കുന്നത്. പ്രായമായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, കുട്ടികള്‍ ഉള്‍പ്പെട്ടതാണ് ഇത്തരം ഭിക്ഷാടന സംഘങ്ങള്‍. പകല്‍ ഒറ്റയ്ക്കും കൂട്ടമായും ഭിക്ഷാടനത്തിനിറങ്ങുന്ന ഇവരെ നിയന്ത്രിക്കുന്നത് പുരുഷന്‍മാര്‍ അടങ്ങുന്ന സംഘമാണ്.

തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ചുമാണ് ഇവര്‍ ഭിക്ഷാടനത്തിന് എത്തുന്നത്. തമിഴും മലയാളവും കലര്‍ന്ന ഭാഷയാണ് സംസാരിക്കുന്നത്. വീടുകളില്‍ നിന്ന് പൈസയ്ക്ക് പുറമെ പഴയവസ്ത്രങ്ങള്‍ ആവശ്യപ്പെടുന്നതും ഇവരുടെ രീതിയാണ്. കൈ കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളും ഭിക്ഷാടനത്തിനായി നഗരത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞു നടക്കുന്നത് നിത്യ കാഴ്ച്ചയായി മാറിയിട്ടുണ്ട്.

കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തിയാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാലാണ് ഇത്. റെയില്‍വേ സ്റ്റേഷന്‍, ട്രെയിനുകള്‍, ബസ് സ്റ്റാന്‍ഡ്, ബീച്ച്, ആരാധനാലയങ്ങള്‍ എന്നിങ്ങനെ ആളുകള്‍ കൂട്ടമായി എത്തുന്നയിടങ്ങളാണ് ഇത്തരം സംഘങ്ങളുടെ സ്ഥിരം കേന്ദ്രങ്ങള്‍. മുമ്പ് അല്‍പം മുതിര്‍ന്ന കുട്ടികളെ മാത്രം ഉപയോഗിച്ചായിരുന്നു ഭിക്ഷാടനം. എന്നാല്‍ ബാലഭിക്ഷാടനം നിരോധിച്ചതോടെയാണ് കൈക്കുഞ്ഞുങ്ങളെയും യുവതികളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം. ബീച്ച് ഭാഗത്താണ് ഇത്തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം വര്‍ധിച്ചിരിക്കുന്നത്.

ബീച്ചിലെത്തുന്നവര്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാമെന്ന് കരുതിയാലും തങ്ങള്‍ക്ക് പണം തന്നെ വേണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരേ പരാതി ലഭിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കവര്‍ച്ച, ഭവനഭേദനം, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പടെ പല കേസുകളിലും ഇത്തരം സംഘങ്ങള്‍ മുമ്പേ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഭിക്ഷാടന സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് പോലീസ് അധികാരികള്‍ പറയുന്നത്.