ദിവസങ്ങൾക്കു ശേഷം താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ വ്യാപാരിയെ മോചിപ്പിച്ചു; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം


താമരശ്ശേരി: താമരശ്ശേരി ചുങ്കതത്തിനു സമീപം വെഴുപ്പൂർ നിന്നും തട്ടിക്കൊണ്ട് പോയ വ്യാപാരി അഷ്റഫ് വീട്ടിലെത്തി. ഇന്നലെ രാത്രി 11.30 യോടെയാണ് വീട്ടിൽ എത്തിയത്. തട്ടിക്കൊണ്ട് പോയവര്‍ തന്നെ മോചിപ്പിച്ചതാണെന്ന് സൂചനയുണ്ട്.

അജ്ഞാത കേന്ദ്രത്തിലായിരുന്ന അഷ്റഫിനെ രാവിലെ കൊല്ലത്ത് തട്ടിക്കൊണ്ടു പോയ സംഘാംഗം കണ്ണുകെട്ടി ഇറക്കി വിടുകയായിരുന്നുവെന്നു അഷ്‌റഫ് പറയുന്നു. തിരുവനന്തപുരം -താമരശ്ശേരി കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി ഇയാൾ കോഴിക്കോടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ഫോൺ നഷ്ടമായാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ല. ചുങ്കത്ത് ബസ്സിറങ്ങി വീട്ടിലേക്ക് ഓട്ടോ വിളിച്ചെത്തുകയായിരുന്നു. പൊലീസ് അഷ്റഫിന്റെ വിശദമായ മൊഴിയെടുക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് താമരശ്ശേരി തച്ചംപൊയിൽ അവേലം സ്വദേശി അഷ്റഫിനെ (52) രാത്രി 9.45 ന് ആണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നയാളാണ് അഷ്റഫ്. വെഴുപ്പൂർ സ്കൂളിന് സമീപത്തെ വളവിൽ വെച്ചിയിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ തിരികെയെത്തിയത്.

നേരത്തെ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഹമ്മദ് ജൗഹര്‍ എന്ന പുത്തനത്താണി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അതേസമയം സ്വര്‍ണക്കടത്തിലേക്കുള്ള സൂചനയും ലഭിച്ചതിനാൽ ആ വഴിയും പോലീസ് പരിശോധിക്കുന്നുണ്ട്.