മൂന്ന് തവണ ഗുഡ് സര്‍വീസ് എന്‍ട്രി, സി.പി മണിക്ക് ഒരു പൊന്‍തൂവന്‍ കൂടി; സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസില്‍ദാര്‍ക്കുള്ള അംഗീകാരം നേടി കൊയിലാണ്ടി താലൂക്ക് തഹസില്‍ദാര്‍


പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച തഹസില്‍ദാര്‍ക്കുള്ള അംഗീകാരത്തിന് അര്‍ഹനായി മൂടാടി പാലക്കുളം സ്വദേശി. കൊയിലാണ്ടി താലൂക്കിലെ തഹസില്‍ദാരും പാലക്കുളം സ്വദേശിയുമായ സി.പി മണിയാണ് സംസ്ഥാനത്തെ മികച്ച സഹസില്‍ദാരായി തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമുഷ്ടിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സര്‍വീസ് എന്‍ടിയും ലഭിച്ചിരുന്നു.

1997 ല്‍ വടകര താലൂക്കിലെ ഏറാമല വില്ലേജ് ഓഫീസില്‍ നിന്നാണ് മണി സര്‍ക്കാര്‍ സേവനം ആരംഭിക്കുന്നത്. പിന്നീട് കൊയിലാണ്ടി താലൂക്ക് ഓഫീസ്, പേരാമ്പ്ര ലാന്‍ഡ് ട്രിബൂനല്‍ ഓഫീസ്, ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് കൊയിലാണ്ടി എന്നിവിടങ്ങളിലായി ക്ലറിക്കല്‍ കേഡറില്‍ ജോലി ചെയ്തു. 2006 ഒക്ടോബറിലാണ് വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. പന്തലായനിയിലായിരുന്നു ആദ്യ നിയമനം. 2007 ലെ മൂന്നാര്‍ ഓപ്പറേഷന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമികളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ചുങ്കം പ്രദേശത്ത് പാട്ടക്കാലാവധി കഴിഞ്ഞ് അനധികൃതമായി കൈവശം വെച്ച സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചു തിരികെ ഏറ്റെടുത്തു. ഇരിങ്ങല്‍ വില്ലേജ് ഓഫീസിലും ഓഫീസര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചു.

അനധികൃത മണല്‍ വാരല്‍ രൂക്ഷമായ 1997-2012 കാലഘട്ടത്തില്‍ കാപ്പാട് കടല്‍ തീരം തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ അനധികൃത മണല്‍ വാരല്‍ രൂക്ഷമായപ്പോള്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിയമവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വലിയ പരിധി വരെ അനധികൃത മണല്‍ കടത്തു പ്രവൃത്തികള്‍ അവസാനിപ്പിക്കാനും അദ്ദേഹം നേതൃത്വം നല്‍കി.

2019 ല്‍ തഹസില്‍ദാര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചു. കലക്ടറേറ്റിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് ശിരസ്തദാര്‍ എന്നീ ചുമതലകള്‍ക്കു ശേഷം 2020 മുതല്‍ കൊയിലാണ്ടി തഹസില്‍ദാരായി സേവനം അനുഷ്ഠിച്ചു വരുരികയാണ്. സര്‍ക്കാരിലേക്കുള്ള റവന്യൂ വരുമാനത്തില്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ വലിയ വര്‍ദ്ധനവും ക്ഷേമ പദ്ധതികള്‍ യഥാ സമയം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനും ഭൂരഹിതരായവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പരാതികള്‍ പെട്ടന്ന് പരിഹരിച്ചും ചുവപ്പനാടയില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്‍ഗണന നല്‍കുകയുണ്ടായി.

ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളുടെ കൂടി സഹകരണത്തോടെ ശാസ്ത്രീയമായുള്ള മാലിന്യ സംസ്‌കരണ പദ്ധതി, മുഴുവന്‍ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മിനി സിവില്‍ സ്റ്റേഷനില്‍ പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു. ജനപ്രതിനിധികളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യവികസനം എത്തിക്കുന്നതിനും റവന്യു വകുപ്പില്‍ കേരളത്തില്‍ ആദ്യമായി ക്യൂ ആര്‍ കോഡ് സിസ്റ്റം ഉപയോഗിച്ച് ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം കെയിലാണ്ടി താലൂക്ക് ഓഫിസിലും താലൂക്ക് പരിധിയിലുള്ള 31 വില്ലേജ് ഓഫീസുകളിലും നടപ്പിലാക്കി. അദ്ദേഹം മുന്‍കൈ എടുത്താണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ രാഷ്ട്ര പിതാവിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുന്നത്.

അഴിമതി മുക്തമായ സര്‍വ്വീസ് കാലയളവില്‍ മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സര്‍വീസ് എന്‍ടി ലഭിച്ചു. വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് 2011 ല്‍ അന്നത്തെ കലക്ടര്‍ പി ബി സലിം, 2019 ലെ പാര്‍ലമെന്റ് ഇലക്ഷന്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ സാംബശിവ റാവു ,2021 ലെ പട്ടയമേള വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് കളക്ടര്‍ ടി എല്‍ തേജ് ലോഹിത് റെഡ്ഡി എന്നിവരില്‍ നിന്നുമാണ് അംഗീകാരം ലഭിച്ചത്. 2018-2019 കാലത്തെ പ്രളയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

മൂടാടി പാലക്കുളം സ്വദേശിയായ സി പി മണിയുടെ ഭാര്യ രമ്യാണ് ഭാര്യ. ബാംഗ്ലൂരില്‍ ബി.സി.എ വിദ്യാര്‍ത്ഥിയായ വസുദേവ്, കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വേദ മക്കളാണ്.

Summary: Koyilandy thahasildar got best thahasildar award in state