മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടു, പേരാമ്പ്ര സ്വദേശി അമ്മദിന് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം നീക്കം ചെയ്തുvvvvvvvvv


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം എടുത്തുമാറ്റി. കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിനു മുമ്പിലായി അഞ്ചു വര്‍ഷമായി വഴിമുടക്കിയായി നിന്ന മണ്ണുമാന്തി യന്ത്രമാണ് മാറ്റിയത്. കൊയിലാണ്ടി താലൂക്ക് അദാലത്തിനെത്തിയ അമ്മദിന്റെ പരാതിക്ക് എത്രയും വേ​ഗം പരിഹാരം കാണണമെന്ന പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

2018ലാണ് പാലേരി വടക്കുമ്പാട് പ്രദേശത്ത് മണ്ണുമാന്താനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം പോലീസ് പിടിച്ച് കച്ചേരിപറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതിയിലുളള സ്ഥലത്ത് ജെ.സി.ബി നിര്‍ത്തിയിട്ടത്. താത്ക്കാലികമായി നിര്‍ത്തിയിട്ടതാണെന്ന് കരുതിയെങ്കിലും പിന്നീടത് പൊല്ലാപ്പായി മാറുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയിരുന്നില്ല. ഇതിന് പരിഹാരം കാണാനാണ് അമ്മദ് സഹോദരനായ അബ്ദുല്ലക്കൊപ്പം കൊയിലാണ്ടിയില്‍ മെയ് ആറിന് നടന്ന അദാലത്തിനെത്തിയത്.

പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മുമ്പിലെത്തി പരാതി ബോധിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസ് മേധാവികളെയും വിളിച്ചു വരുത്തി മന്ത്രി വിശദീകരണം തേടി. പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ട ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചതോടെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്തു. എത്രയും വേഗം തന്നെ ജെസിബി മാറ്റാമെന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു.