ഫാനിൽ നിന്ന് തീ കസേരയിലേക്ക് പടർന്നു, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടിത്തം
കൊയിലാണ്ടി: നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടലിൽ കൊയിലാണ്ടിയിൽ ഒഴിവായത് വൻ അപകടം. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിനുള്ളിലുണ്ടായ തീ പിടുത്തമാണ് സമയബന്ധിതമായി അണച്ച് അപകടം ഒഴിവാക്കിയത്. ഇന്ന് വെെകീട്ട് ആറരയോടെയാണ് സംഭവം.
ബാങ്കിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് അടുത്തുള്ള കടയിലെ ജീവനക്കാരൻ കൊയിലാണ്ടി അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. പെട്ടന്ന് സംഭവ സ്ഥലത്തേക്ക് സേനാംഗങ്ങൾ കുതിച്ചെത്തി. അകത്തെ ഫാനിലും കസേരയിലും അപ്പോഴേക്ക് തീ പടർന്നിരുന്നു. പെട്ടന്ന് ഫയർ എക്റ്റിഗ്യൂഷറിന്റെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. തീ പിടിച്ച സ്ഥലത്തിന് സമീപത്തായി കമ്പ്യൂട്ടറും ബാക്ടറി റൂമും ഉണ്ടായിരുന്നു. കൃത്യ സമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത്.
എക്സ്സ്ഓസ്റ്റ് ഫാനിലാണ് ആദ്യം തീ പിടിച്ചത്. ഇതിൽ നിന്നുള്ള ഭാഗങ്ങൾ ഫെെബർ കസേരയിൽ വീണ് കസേരയ്ക്ക് തീ പിടിക്കുകയായിരുന്നെന്ന് അഗ്നിരക്ഷാ സേന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവ സമയത്ത് ബാങ്ക് അടച്ചതിനാൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല.
അപകട വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ബാങ്ക് ജീവനക്കാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ പ്രദീപ്, ഫയർമാന്മാരായ അരുൺ, സിജിത്ത്, ടി.കെ ഇർഷാദ്, ഹേമന്ത്, ഹോം ഗാർഡ് സുജിത്ത് തുടങ്ങിയവർ ക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടുത്തം