കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്.
ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ് വീഡിയോയിലുള്ളത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കാന്‍ തയ്യാറാകാത്ത നിരവധി കൊയിലാണ്ടിക്കാരാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് പേരാമ്പ്ര ന്യൂസ് ഡോട് കോമുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് ഞങ്ങള്‍ ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചത്.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അത് കൊയിലാണ്ടി അല്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. എന്നാല്‍ കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഞങ്ങളുടെ പ്രതിനിധി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷിച്ചു.
വീഡിയോയില്‍ കാണുന്നത് പോലെ ഒരു സംഭവം കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഇല്ല എന്നാണ് പരിശോധനയിൽ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. കൂടാതെ സ്റ്റേഷന്‍ മാസ്റ്ററോട് കൊയിലാണ്ടി സ്‌റ്റേഷനില്‍ മഴ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും കുഴപ്പമൊന്നുമില്ല എന്ന മറുപടിയാണ് ഞങ്ങള്‍ക്ക് നല്‍കിയത്.
അവിടം കൊണ്ട് ഞങ്ങള്‍ അന്വേഷണം നിര്‍ത്തിയില്ല
കൊയിലാണ്ടി അല്ലെങ്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ഞങ്ങള്‍ നടത്തിയ അന്വേഷണം ഒടുവില്‍ ചെന്നവസാനിച്ചത് കാസര്‍കോഡ് ജില്ലയിലെ കുമ്പളയിലാണ്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുമായി സാമ്യമുള്ള കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കവാടത്തിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് വെള്ളം കുത്തിയൊഴുകുന്ന ദൃശ്യം പകര്‍ത്തിയത്. മഴക്കാലത്ത് കുമ്പള സ്റ്റേഷനില്‍ വെള്ളം കയറുന്നത് പതിവു കാഴ്ചയാണ്.
ഇരു സ്റ്റേഷനുകളുടെയും സാമ്യം മനസിലാക്കിയ ഏതോ സാമൂഹ്യവിരുദ്ധൻ ഉണ്ടാക്കിയ വ്യാജ സന്ദേശമാണ് കൊയിലാണ്ടിയിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
വസ്തുത ഇതായതിനാല്‍ ഈ വീഡിയോ കൊയിലാണ്ടിയിലേതാണ് എന്ന തരത്തില്‍ ഷെയര്‍ ചെയ്യരുതെന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോം വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. മറ്റാരെങ്കിലും ഈ വീഡിയോ അയച്ചാല്‍ വസ്തുത ഇതാണെന്ന് നിങ്ങള്‍ക്ക് പറയാവുന്നതാണ്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതെ ഉത്തരവാദിത്തപൂര്‍വ്വം നമുക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാം.
വീഡിയോ കാണാം: