കൊയിലാണ്ടി പൊയില്‍ക്കാവിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഉമ്മയുടെ ഉപ്പ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു; കുറ്റം സമ്മതിച്ചതായി വിവരം


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ പത്തൊന്‍പതുകാരി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാപ്പാട് സ്വദേശി മുഖച്ചേരി ബറാക്ക് ഹൗസില്‍ അബൂബക്കറിനെ(62) റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ടാണ് ഇയാളെ പോക്‌സോ കേസ് ചുമത്തി കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലും ഇയാളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

”ഉമ്മ വാപ്പി എന്നോടു പൊറുക്കണം. ഞാന്‍ ഇന്റെ ഭാഗത്തുനിന്നുവന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാംമലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആള്, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നുംകൂടി അറിയിക്കാനുണ്ട്, എല്ലാം സഹിച്ച് ഇനി ആവുന്നില്ല അതുകൊണ്ടാണ് ഉമ്മ…’ എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

മൂടാടി മലബാര്‍ കോളജിയില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 17-നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഡി.വൈ.എസ്.പി. ഹരിപ്രസാദ്, സി.ഐ. സുനില്‍കുമാര്‍, എസ്.ഐമാരായ എം.എന്‍. അനൂപ്, ആര്‍. അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.