റെയില്‍വേയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രെയിന്‍ യാത്രികര്‍; അക്രമികളെ ഭയക്കാതെ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്ന് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എന്‍.കെ.മുരളി


കൊയിലാണ്ടി: ട്രെയിന്‍ യാത്രയ്ക്കിടെ അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയാവുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വത്തിനായി റെയില്‍വേ നടപടിയെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്. ഏറ്റവുമൊടവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധിപേരാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവരുന്നത്. അക്രമികൾക്കോ മാനസിക രോഗികൾക്കോ എപ്പോൾ വേണമെങ്കിലും യാത്രക്കാരെ ആക്രമിക്കാനാവും എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ ട്രെയിൻ യാത്ര എന്ന് ട്രെയിനിലെ സ്ഥിരം യാത്രികനും കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയുമായ എൻ.കെ.മുരളി പറയുന്നു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സാന്നിധ്യം സ്‌റ്റേഷനില്‍ വളരെ കുറവാണ്. ട്രെയിന്‍ ടിക്കറ്റ് പരിശോധന ട്രെയിനിനുള്ളിലോ സ്‌റ്റേഷനിലോ ഇല്ല. നിയമപ്രകാരം പ്ലാറ്റ് ഫോം ടിക്കറ്റോ, ട്രെയിന്‍ ടിക്കറ്റോ ഇല്ലാതെ സ്‌റ്റേഷന് അകത്തേക്ക് പ്രവേശിക്കരുത് എന്നാണ്. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും പ്രവേശിക്കുന്നുണ്ടോയെന്ന് നോക്കാന്‍ മതിയായ സംവിധാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ കോച്ചുകളില്‍ ടിക്കറ്റ് നല്‍കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ജനറല്‍ കോച്ചുകള്‍ക്ക് താങ്ങാനാവുന്നതിലും ഏറെയാണ് അതിനുള്ളിലേക്ക് കയറുന്ന യാത്രക്കാര്‍. ചവിട്ടുപടികള്‍ക്ക് അരികില്‍ പോലും ആളുകള്‍ അപകടകരമാംവണ്ണം നില്‍ക്കേണ്ടിവരുന്ന സ്ഥിതിയുണ്ട്. ട്രെയിനില്‍ കയറി പറ്റുന്നതും ജീവനോടെ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതും ടിക്കറ്റെടുത്തവന്റെ മാത്രം ബാധ്യതയാണ് ഇന്ന്. ഒരു കണ്‍സ്യൂമര്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കെങ്കിലും ട്രെയിന്‍ യാത്രികര്‍ അര്‍ഹരാണെന്ന ബോധം റെയില്‍വേക്ക് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

കാശുള്ളവര്‍ക്കും കാശ് കുറഞ്ഞവര്‍ക്കും രണ്ട് തരം നീതി എന്ന തരത്തിലാണ് നിലവില്‍ റെയില്‍വേയിലെ സംവിധാനം. റിസര്‍വേഷന്‍ കോച്ചുകളില്‍ താരതമ്യേന കൂടുതല്‍ പണം മുടക്കി യാത്ര ചെയ്യുന്നവരാണ്. അവിടെ ചെക്കിങ്ങിന് ടി.ടി.ഇ ഉണ്ടാകും. കേരളത്തില്‍ ഇത്തരം കോച്ചുകളില്‍ ജനറല്‍ ടിക്കറ്റില്‍ ആളുകള്‍ കയറുന്നത് കുറവാണ്. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചെക്കിങ്ങുമില്ല, ടി.ടി.ഇയോ ഗാര്‍ഡോ കയറി നോക്കാറുപോലുമില്ലെന്നും അദ്ദേഹം പറയുന്നു.

ട്രെയിനില്‍ തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരിക്കുന്ന അപകടങ്ങളെ മുന്‍നിര്‍ത്തി സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തതയെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതാണ്. ചവിട്ടുപടിയില്‍ ഇരിക്കുന്നതും അതിനടുത്ത് കമ്പിയില്‍ പിടിച്ച് നില്‍ക്കുന്നതുമെല്ലാം അപകടകരമാണ്. പിറകില്‍ നിന്ന് ആരെങ്കിലുമൊന്ന് ചെറുതായി തള്ളിയാല്‍ മതി, പിന്നെ ആളെ നോക്കേണ്ടിവരില്ല. ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാനോ പരിശോധിക്കാനോ സംവിധാനങ്ങളില്ല. ടിക്കറ്റ് പരിശോധന കര്‍ശനമാക്കുകയും ഓരോ കമ്പാര്‍ട്ട്‌മെന്റുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ നിര്‍ത്തുകയുമൊക്കെ ചെയ്താല്‍ ആളുകള്‍ക്ക് ഭയമില്ലാതെ യാത്ര ചെയ്യാവുന്ന ഇടമായി ട്രെയിനുകള്‍ മാറുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.