അഭിമാനമായി ബ്രിജേഷ്; മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് പുരസ്‌കാരം സ്വന്തമാക്കി കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപ്


പേരാമ്പ്ര: ഈ വര്‍ഷത്തെ മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് പുരസ്‌കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന്. മഹാഭാരതം സീരിയലില്‍ ദ്രോണാചാര്യയായി വേഷമിട്ടിട്ടുള്ള ബോളിവുഡ് നടന്‍ സുരേന്ദ്രപാല്‍ ബ്രിജേഷിന് പുരസ്‌കാരം സമ്മാനിച്ചു.

ദേശീയ, അന്തര്‍ദേശിയതലങ്ങളില്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ നിരവധി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ് ബ്രിജേഷ്. ഇന്ത്യയിലും വിദേശത്തുമായി 150 ഓളം പുരസ്‌കാരങ്ങള്‍ നേടിയ ‘യക്ഷി’യുടെ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ അക്ഷരം പുരസ്‌കാരവും കെ.പി.ഉമ്മര്‍ പുരസ്‌കാരവും സ്വന്തമാക്കിയ ബ്രിജേഷ് പ്രതാപ് മാജിക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാരമാണ് ഇപ്പോള്‍ ബ്രിജേഷിന് ലഭിച്ച ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് പുരസ്‌കാരം.