‘ചത്താലും ചെത്തും കൂത്താളി’ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ മുഴങ്ങിക്കേണ്ട ആ മുദ്രാവാക്യത്തിന്റെ ഓര്‍മ്മയില്‍ പേരാമ്പ്ര


‘ചത്താലും ചെത്തും കൂത്താളി’യെന്നത് സ്വാതന്ത്ര്യ സമരത്തിന്റെ മൂര്‍ധന്യത്തില്‍ കുറുമ്പ്രനാട് താലൂക്കില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ്. ഈ ദൃഢപ്രതിജ്ഞയോടെയാണ് 1946ലെ കൂത്താളി സമരത്തിന്റെ പ്രത്യക്ഷസമരപരിപാടികള്‍ തുടങ്ങുന്നത്.

കര്‍ഷകസംഘം നേതൃത്വത്തിലുള്ള കൂത്താളി സമരം സ്വാതന്ത്ര്യസമരചരിത്രത്തിലെ വീരേതിഹാസമാണ്. രണ്ടാം ലോകയുദ്ധത്തിന് പിന്നാലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ജീവിതം ദുസ്സഹമാക്കി. പട്ടിണി മരണവും പകര്‍ച്ചവ്യാധിയും വ്യാപകമായി. നാടുവാഴിയായ കൂത്താളി മൂപ്പില്‍ നായരുടെ അധീനതയിലുള്ള 30,000 ഏക്കര്‍ കൂത്താളി മലവാരം 1939വരെ പുനംകൃഷിക്ക് നല്‍കിയിരുന്നു. പേരാമ്പ്ര, ബാലുശേരി ഫര്‍ക്കകളിലെ ജനതയുടെ ജീവനോപാധിയായിരുന്നു ഇത്.

ഒടുവിലത്തെ മൂപ്പില്‍നായരുടെ മരണത്തോടെ ഭൂമി ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുള്ള മദിരാശി സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നാലെ കൂത്താളി എസ്റ്റേറ്റില്‍ മലബാര്‍ കലക്ടര്‍ പുനം കൃഷി വിലക്കി. തീരുമാനം ഭക്ഷ്യക്ഷാമം രൂക്ഷമാക്കി. കോണ്‍ഗ്രസ് കറാച്ചി സമ്മേളനം ‘കൃഷിഭൂമി കൃഷിക്കാരന്’ പ്രമേയം പാസാക്കിയെങ്കിലും പ്രക്ഷോഭത്തിന് മലബാറിലെ കോണ്‍ഗ്രസ് തയ്യാറായില്ല. കര്‍ഷകസംഘം പ്രശ്‌നം ഏറ്റെടുത്തു. 1943ല്‍ കൂത്താളി മലവാരത്ത് കാടുചെത്തി കൃഷിയിറക്കാന്‍ തീരുമാനിച്ചു. കാടുവെട്ടി തുടങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. 1946ല്‍ സമരം പുനരാരംഭിച്ചു. കുറുമ്പ്രനാട് താലൂക്ക് കര്‍ഷകസംഘത്തിന്റെയും പേരാമ്പ്ര ഫര്‍ക്കയിലെ പ്രധാന പ്രവര്‍ത്തകരുടെയും യോഗം പ്രക്ഷോഭത്തിന് രൂപം നല്‍കി. എ.കെ.ജി, സി.എച്ച്.കണാരന്‍, കേരളീയന്‍, എ.വി.കുഞ്ഞമ്പു, എം.കെ കേളു ഏട്ടന്‍ തുടങ്ങിയ നേതാക്കള്‍ കൃഷിക്കാരുടെ യോഗങ്ങള്‍ക്ക് എത്തി.

1947 ഫെബ്രുവരി 21ന് പാതിരാത്രിയില്‍ പോരമ്പ്രക്കടുത്ത മുയിപ്പോത്ത് നിന്നും പുറപ്പെട്ട സമരക്കാര്‍ കൂത്താളി എസ്റ്റേറ്റിലെത്തി അഞ്ചേക്കര്‍ വരുന്ന കാടുചെത്തി കൊടി നാട്ടുകയായിരുന്നു. പിറ്റേദിവസം ഇവര്‍ ബ്രിട്ടീഷ് പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. പൊലീസ് സമരക്കാരെ നേരിട്ടു. 120പേര്‍ ജയിലിലായി. നിരവധിപേര്‍ മര്‍ദനത്തിനിരയായി. 1950 മെയ് 19ന് സമരവളന്റിയര്‍ കെ ചോയിയെ കല്പത്തൂരില്‍ കോണ്‍ഗ്രസിന്റെ ഹോം ഗാര്‍ഡുകള്‍ അടിച്ചുവീഴ്ത്തുകയും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സ്വതന്ത്ര്യം ലഭിച്ച ശേഷമാണ് ജയിലിലുള്ളവര്‍ മോചിതരായത്.

സി.കെ അബ്ദുള്ള, കെ.സി.കണ്ണന്‍, കെ.പി.കുഞ്ഞനന്തന്‍ നായര്‍, പുത്തൂപ്പട്ട കുഞ്ഞിക്കണ്ണന്‍നായര്‍, കെ.സി.കണ്ണന്‍, കുട്ടിപ്പറമ്പില്‍ ഗോപാല്‍, മുരിഞ്ഞോളി രാമോട്ടി, മുയിപ്പോത്ത് അപ്പുക്കുട്ടി, ഗോപാലന്‍ നായര്‍, കൂരന്‍ തറമ്മല്‍ പാച്ചര്‍, നരിയാംപുറത്ത് താഴെക്കുനി കുഞ്ഞിരാമന്‍, നാഗത്ത് ചാത്തുക്കുട്ടിനായര്‍, മുയിപ്പോത്ത് ഉണ്ണിക്കുട്ടി, കരുവത്ത് ചെക്കോട്ടി, പോവതിക്കണ്ടി കോരന്‍ തുടങ്ങിയവരായിരുന്നു എസ്‌റ്റേറ്റ് പിടിച്ചെടുക്കാന്‍ പുറപ്പെട്ട ജാഥയുടെ പ്രധാന നേതാക്കള്‍. ഹസന്‍കുട്ടി എന്ന തോണിക്കാരന്‍ നയിച്ച കടത്തുവഞ്ചിയിലാണ് ഇവര്‍ ചാനിയംകടവ് പുഴയരോത്തുനിന്നും എസ്‌റ്റേറ്റിലേക്ക് യാത്രയായത്.

1550 ഏക്കര്‍ പുനം കൃഷിക്കായി അനുവദിച്ചെങ്കിലും ഭൂമി പതിച്ചുനല്‍കാന്‍ മദിരാശി സര്‍ക്കാര്‍ തയ്യാറായില്ല. 1954ല്‍ കൂത്താളി സമരം പുനരാരംഭിച്ചു. കലക്ടറേറ്റിന് മുമ്പില്‍ എം.കെ.കേളുഏട്ടന്റെ നേതൃത്വത്തില്‍ 66 ദിവസം സത്യഗ്രഹം നടത്തി. 1200 ഏക്കര്‍ കര്‍ഷകര്‍ക്ക് ചാര്‍ത്തിക്കൊടുക്കുമെന്ന ഉറപ്പു ലഭിച്ചു. 1957ല്‍ ഇ എം എസ് സര്‍ക്കാരാണ് തീരുമാനമെടുത്തത്. നടപടിക്കിടെ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. 1962ല്‍ നാലാംഘട്ട സമരവും കേളുഏട്ടന്റെ നേതൃത്വത്തിലായിരുന്നു. 1967ല്‍ രണ്ടാം ഇ എംഎസ് സര്‍ക്കാര്‍ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്‍കി.
കൂത്താളി സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് 1976ല്‍ സമരക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. സമര വളന്റിയര്‍മാര്‍ ആദ്യമായി 1947 ഫെബ്രുവരി 22ന് കാട് തെളിച്ച് കൊടിനാട്ടിയ സ്ഥലം ഇന്ന് കൂത്താളി ജില്ലാ ഫാമിന്റെ ഭാഗമാണ്.

ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന കൂത്താളി സമരത്തിന്റെ നായകന്‍ എം.കുമാരന്‍ മാസ്റ്ററായിരുന്നു. 1941ല്‍ സമരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി അദ്ദേഹം ഈ പ്രദേശം നടന്നുകണ്ടു. പിന്നീടാണ് കര്‍ഷക പ്രസ്ഥാനത്തെ രൂപപ്പെടുത്തി സമരതന്ത്രാവിഷ്‌കരിക്കുന്നത്. വടക്കേ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ കൂത്താളി സമരത്തിന്റെ ചരിത്രമാണിത്. ത്യാഗോജ്ജ്വലവും ആവേശകരമായ ഐതിഹാസികവുമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണിത്.