സാംസ്‌കാരിക ഘോഷയാത്രയും മലയാളിമങ്കകള്‍ ഒത്തുചേര്‍ന്ന മെഗാതിരുവാതിരയും; കൂത്താളിയില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷം ‘പെണ്മ 2023’ന് തുടക്കമായി


കൂത്താളി: കുടുംബശ്രീ രജത ജൂബിലി ആഘോഷ നിറവില്‍ കൂത്താളി. കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം ‘പെണ്മ 2023’ന് തുടക്കമായി. ഏപ്രില്‍ 24 മുതല്‍ 29 വരെ കൂത്താളി എ.യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒന്നാം ദിവസമായ തിങ്കളാഴ്ച്ച കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന നിശ്ചല ദൃശ്യങ്ങളുടെയും ശിങ്കാരിമേളങ്ങളുടെയും അകമ്പടിയോടുകൂടിയ വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രയും, കുടുംബശ്രീകളെ പ്രതിനിധീകരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയ മെഗാ തിരുവാതിരയും അരങ്ങേറി.

ഇന്നും നാളെയുമായി രചനാ മത്സരങ്ങളാണ് നടക്കുന്നത്. 27ന് ബാലസഭ കാലോത്സവവും, 28,29 തിയ്യതികളില്‍ കുടുംബശ്രീ കാലോത്സവവും നടക്കും.

സമാപന ദിവസമായ ഏപ്രില്‍ 29ന് വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കും. പരിപാടി പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.