മകനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതറിയാതെ അമ്മ; പിഞ്ചോമനയുടെ മുഖം അവസാനമായി ഒന്നുകാണാന്‍ അച്ഛന്‍ ഗിരീഷ് വിദേശത്തുനിന്നെത്തും: ബക്കറ്റില്‍ വീണ് മരിച്ച കൂത്താളിയിലെ പിഞ്ചുകുഞ്ഞിന്റെ സംസ്‌കാരം നാളെ


കൂത്താളി: കൂത്താളിയില്‍ ബക്കറ്റില്‍ വീണ് മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്‌കാരം നാളെ നടക്കും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഗിരീഷ് നാട്ടിലെത്തേണ്ടതിനാല്‍ നാളെയേ പോസ്റ്റുമോര്‍ട്ടം നടക്കൂ. നാളെ പുലര്‍ച്ചെ ഗിരീഷ് നാട്ടിലെത്തുമെന്നാണ് വിവരം.

അമ്മ അഞ്ജലിയെ മകന്റെ വിയോഗവാര്‍ത്ത ഇതുവരെ അറിയിച്ചിട്ടില്ല. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി എന്നാണ് പറഞ്ഞത്.

ഒരുവയസും മൂന്നുമാസവും പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് കുളിമുറിയിലെ ബക്കറ്റില്‍ നിറച്ചുവെച്ച വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ശബരിയെ ഉറക്കിക്കിടത്തി അലക്കാനായി പോയതായിരുന്നു അമ്മ. ഉറക്കമുണര്‍ന്ന ശബരി കുളിമുറിയിലേക്ക് പോകുകയും ബക്കറ്റില്‍ വീഴുകയുമായിരുന്നു. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.