കൂരാച്ചുണ്ട് വില്ലേജ് ഓഫീസില്‍ ഇനി കാര്യങ്ങള്‍ ‘സ്മാര്‍ട്ട്’; പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ പുതിയതായി നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനാട് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ജനങ്ങള്‍ക്കായ് സമര്‍പ്പിച്ചത്. വിവിധ ആവശ്യങ്ങളുമായെത്തുന്ന പാവപ്പെട്ട മനുഷ്യരെ ചേര്‍ത്തു പിടിക്കുമ്പോഴാണ് വില്ലേജോഫീസുകള്‍ യഥാര്‍ഥത്തില്‍ സ്മാര്‍ട്ടാകുകയെന്ന് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.

സാധാരണക്കാരനോടാണ് സര്‍ക്കാരിന് പക്ഷപാതിത്വം. നിയമവും ചട്ടവുമറിയാത്ത സാധാരണക്കാരന് എല്ലാ സഹായവും ലഭ്യമാക്കാനുള്ള ഇടപെടല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു. വില്ലേജോഫീസ് മുതല്‍ സെക്രട്ടേറിയറ്റുവരെ റവന്യൂ ഓഫീസുകള്‍ അടിമുടി സ്മാര്‍ട്ടാക്കുമെന്നും കേരളപ്പിറവി ദിവസം ഇക്കാര്യം നടപ്പില്‍വരുത്താനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൈസ് ചെയ്യാനാവശ്യമായ ഉപകരണങ്ങളും എല്ലായിടത്തും ലഭ്യമാക്കും. സ്മാര്‍ട്ട് ഫോണില്‍ ഓണ്‍ലൈന്‍ അപേക്ഷ അയക്കാനായി, ഇ സാക്ഷരത എല്ലാ വീട്ടുകാര്‍ക്കും രണ്ടുവര്‍ഷംകൊണ്ട് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഈ വര്‍ഷം തുടക്കം കുറിക്കും. ജനപക്ഷ റവന്യൂസര്‍വീസ് യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാര്‍നയം. റവന്യൂ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥകേന്ദ്രീകൃതമാണെന്ന പ്രശ്‌നം പരിഹാരം കാണാന്‍ എല്ലാ വില്ലേജുകളിലും വില്ലേജ്തല ജനകീയസമിതികള്‍ കാര്യക്ഷമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാലുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ച ഡിജിറ്റല്‍ റീസര്‍വേയില്‍ അമ്പതിനായിരം ഹെക്ടര്‍ ഭൂമി അളന്നുകഴിഞ്ഞു. രജിസ്ട്രേഷന്‍, റവന്യൂ, സര്‍വേ എന്നിവയുടെ ഇന്റഗ്രേറ്റഡ് പോര്‍ട്ടലിലേക്ക് ഇതുകഴിയുന്നതനുസരിച്ച് ജൂണ്‍മുതല്‍ മാറാന്‍ കഴിയും. സംസ്ഥാനത്ത് 15 വില്ലേജുകളും കോഴിക്കോട് ജില്ലയില്‍ തിക്കോടി വില്ലേജും ആദ്യഘട്ടത്തില്‍ അതിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. കൂരാച്ചുണ്ടിന് പുറമെ കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍, പനങ്ങാട്, പൂളക്കോട്, കോടഞ്ചേരി, ചെലവൂര്‍ സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കളക്ടര്‍ എ ഗീത, ആര്‍.ഡി.ഒ. സി ബിജു, കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി, നിര്‍മിതികേന്ദ്രം അസിസ്റ്റന്റ് എന്‍ജിനിയര്‍ മാക്സിന്‍ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ജില്ലാ പഞ്ചായത്തംഗം റസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വി.കെ ഹസീന, പഞ്ചായത്തംഗം എന്‍.ജെ ആന്‍സമ്മ, കെ.ജി അരുണ്‍, ജോണ്‍സണ്‍ തോന്നിക്കല്‍, വി.എസ് ഹമീദ്, വില്‍സണ്‍ മംഗലത്ത് പുത്തന്‍പുരയല്‍, ഗോപി ആലക്കല്‍, ഒ.ഡി തോമസ്, സൂപ്പി തെരുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.