കൂരാച്ചുണ്ട് പൊതുശ്മശാനം; പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുന്നു, ജനകീയസമരം തുടങ്ങുമെന്ന് സമരസമിതി


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ പൊതുശ്മശാന നിര്‍മ്മിക്കുന്ന വിഷയത്തില്‍ സംയുക്തസമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോടതി വിധി അനുസരിച്ച് താലൂക്ക് സര്‍വേയര്‍ നിര്‍ദിഷ്ട ശ്മശാനഭൂമിയിലെ രണ്ടേക്കര്‍ സ്ഥലത്ത് നിന്നും ഗ്യാസ് ക്രിമറ്റോറിയത്തിനായി 25 സെന്റ് ഭൂമി അളന്ന് തിരിച്ചതല്ലാതെ പഞ്ചായത്ത് യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചില്ല. 2021-ലെ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവനുസരിച്ച് ഇംപാക്ട് കേരളയുമായി ബന്ധപ്പെട്ട് തയാറാക്കിയ 1.6 കോടി രൂപയുടെ പുതിയ ഡിപിആര്‍ സമര്‍പ്പിച്ചുവെന്നും പ്രവര്‍ത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി സൈറ്റ് ബോര്‍ഡ് സ്ഥാപിക്കുന്ന നടപടി മാര്‍ച്ച് 30ന് നടത്തുന്നതാണെന്ന് സമരസമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പഞ്ചായത്ത് അറിയിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ പഞ്ചായത്ത് തയാറാക്കി സമര്‍പ്പിച്ച പുതിയ എസ്റ്റിമേറ്റിന്റെ കോപ്പി ലഭിക്കാനായി ഏപ്രില്‍ 17ന് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച മറുപടിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

ശ്മശാന നിര്‍മാണത്തിനെതിരേ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസുകള്‍ തീര്‍പ്പാക്കി ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെങ്കിലും രണ്ട് വര്‍ഷം ആയിട്ടും പുതിയ ഡിപിആര്‍ പോലും പഞ്ചായത്ത് തയാറാക്കിയിട്ടില്ലെന്നും ഇത് നിയമ വ്യവസ്ഥകളോടും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. അശോകന്‍ കുറുങ്ങോട്ട്, ബാലകൃഷ്ണന്‍ കുറ്റിയാപ്പുറത്ത്, ഷിബു കട്ടയ്ക്കല്‍, ഗോപി ആലക്കല്‍, ഒ.ഡി. തോമസ് എന്നിവര്‍ പങ്കെടുത്തു.