കലാ-കായിക മത്സരങ്ങളുടെ താളമേളമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022; നവംബര്‍ 18 മുതല്‍ തുടക്കമാവും, മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022- നവംബര്‍ 18 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള സംസ്ഥാന യുവജന ബോര്‍ഡും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി കലാ-കായിക മത്സരങ്ങളാണ് ഒരുക്കുന്നത്. കായിക മത്സരങ്ങള്‍ നവംബര്‍ 18,19,20 തിയ്യതികളിലും കലാ മത്സരങ്ങള്‍ നവംബര്‍ 24,25,26 തിയ്യതികളിലുമാണ് നടക്കുന്നത്.

മത്സരത്തില്‍ ക്ലബ്ബുകള്‍ക്കും കുടുംബശ്രീകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കായിക മത്സരങ്ങള്‍ക്ക് 15 വരെയും കലാ മത്സരങ്ങള്‍ക്ക് 19 വരെയുമാണ് അപേക്ഷിയ്ക്കാന്‍ കഴിയുക.

അപേക്ഷാ ഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025474754 എന്ന് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.