കൂരാച്ചുണ്ടിലെ ജനങ്ങളുടെ വായനാലോകം ഇനി അഭിമന്യൂവിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍; അഭിമന്യു മഹാരാജാസ് ലൈബ്രറി നാടിനായി തുറന്ന് നല്‍കി


കുരാച്ചുണ്ട്: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ രക്തസാക്ഷിയായ സഖാവ് അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കായി കൂരാച്ചുണ്ടില്‍ ആരംഭിച്ച അഭിമന്യു മഹാരാജാസ് വായനശാല നാടിനായി തുറന്ന് കൊടുത്തു. അഭിമന്യുവിന്റെ വിയോഗ സമയം തൊട്ട് ഉയര്‍ന്നു വന്നിരുന്ന ഒരു ആശയം ഇതോടെ യാഥാര്‍ത്ഥ്യമായി.

എ.എ.റഹീം എം.പി. ലൈബ്രറി ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കമ്മറ്റി സെക്രട്ടറി അരുണ്‍.കെ.ജി അധ്യക്ഷത വഹിച്ചു.

ലൈബ്രറിക്കായി ആദ്യം പുസ്തകം ഏറ്റുവാങ്ങിയത് അഭിമന്യുവിന്റെ മാതാപിതാക്കളില്‍ നിന്നാണ്. അഭിമന്യുവിനോട് ഏറെ ആത്മബന്ധമുണ്ടായിരുന്ന സൈമണ്‍ ബ്രിട്ടോയും അഭിമന്യുവിന്റെ സുഹൃത്തുക്കളും ഇത്തരമൊരു ലൈബ്രറിക്ക് പൂര്‍ണ പിന്തുണ നല്‍കി.

തുടക്കത്തില്‍ ഡി.വൈ.എഫ്.ഐക്കാരാണ് ലൈബ്രറിക്കായി മുന്‍ കൈ എടുത്തിറങ്ങിയതെങ്കിലും പിന്നീട് നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രാദേശിക എഴുത്തുകാരുമെല്ലാം ഉള്‍പ്പെട്ട ഒരു കമ്മറ്റി രൂപീകരിച്ചു മുന്നോട്ടു പോവുകയായിരുന്നു. പിന്നീട് അഡ്വക്കറ്റ് പി.എം.തോമസ് പ്രസിഡന്റായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം നടന്നത്.

സി.പി.എം.പാര്‍ട്ടി ഓഫീസിന്റെ മുകള്‍ നിലയിലായാണ് ലൈബ്രറിയുടെ പ്രവര്‍ത്തനമെന്നിലും പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രവേശിക്കാനാവാത്ത വിധവും പൊതുവായി എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന രീതിയിലുമാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്.

സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. നാരായണന്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം.സജി, ബ്ലോക്ക് മെമ്പര്‍ അഡ്വ. വി.കെ. ഹസീന, ചെറുകഥാകൃത്ത് വി.പി.ഏലിയാസ് വി.ജെ. സണ്ണി, പി.ജെ. ഈപ്പന്‍ മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ., സംസ്ഥാന കമ്മറ്റി അംഗം ടി.കെ. സുമേഷ്, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി ടി.കെ.രാഗേഷ്, എന്‍. ആലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എന്‍.കെ. കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു.