‘സമരം വിജയത്തിലേക്ക്….’ തലചായ്ക്കാന്‍ ഇടം നല്‍കാമെന്ന ഉറപ്പ്; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ആദിവാസിസ്ത്രീ സമരം അവസാനിപ്പിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ആദിവാസിസ്ത്രീ നടത്തിവന്ന കുടികിടപ്പുസമരം അവസാനിപ്പിച്ചു. വടകര ആര്‍.ഡി.ഒ. സി. ബിജുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മുണ്ടനോലി വയലില്‍ എ.കെ. സരോജിനിയാണ് പത്തുദിവസമായി സമരം നടത്തിയത്. ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടും അനുവദിക്കുക, വീട് ലഭിക്കുന്നതുവരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ലൈഫ് പദ്ധതിയില്‍ ഭൂരഹിത, ഭവനരഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഭരണസമിതി തീരുമാനപ്രകാരം ലൈഫ് മിഷന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ചയില്‍ അറിയിച്ചു. വീടിന് തീരുമാനമാകുന്നതുവരെ താത്കാലികസംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ ഓട്ടപ്പാലത്ത് ജലസേചനവകുപ്പിന്റെ സ്ഥലത്ത് ആറുവര്‍ഷമായി ഷെഡ് കെട്ടി താമസിക്കുകയായിരുന്നു സരോജിനി. ഇവിടെ താമസയോഗ്യമായ ഷെഡ് ഒരാഴ്ചയ്ക്കകം നിര്‍മിച്ചുനല്‍കും.
വാര്‍ഡംഗം കണ്‍വീനറായുള്ള സമിതി ഇതിന് നേതൃത്വം നല്‍കും. അതുവരെ പൊതുപ്രവര്‍ത്തകനായ അഡ്വ. എസ്. സുമിന്‍ നെടുങ്ങാടന്റെ വീട്ടില്‍ താമസസൗകര്യമൊരുക്കും.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഒ.കെ. അമ്മത്, ഡാര്‍ളി എബ്രഹാം, സിമിലി ബിജു, പഞ്ചായത്തംഗം വിന്‍സി തോമസ്, സുമിന്‍ എസ്. നെടുങ്ങാടന്‍, എ.കെ. പ്രേമന്‍, ഒ.ഡി. തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞദിവസം കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായിരുന്നില്ല. തുടര്‍ന്നാണ് ആര്‍.ഡി.ഒ. സ്ഥലം സന്ദര്‍ശിച്ചത്