കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന കൂടരഞ്ഞി സ്വദേശിനി മരിച്ചു; മരണ കാരണം മരുന്ന് മാറ്റി കുത്തിവെച്ചതെന്ന് ബന്ധുക്കൾ


കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെത്തുടർന്നു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുടരിഞ്ഞി സ്വദേശിനിയായ ബിന്ദുവാണ് മരിച്ചത്. നാല്പത്തിയഞ്ചു വയസ്സായിരുന്നു. മരുന്ന് മാറി കുത്തിയതിനാലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ വൈകിട്ട് പനിയെ തുടർന്നാണ് ബിന്ദു ആശുപത്രിയിലെത്തിയത്. ക്യാഷുവാലിറ്റിയിൽ കാണിച്ചതിനെ തുടർന്ന് പനി കൂടുതലായതിനാൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഇൻജെക്ഷൻ എടുത്ത ശേഷം യുവതിയുടെ പൾസ് കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ഇൻജെക്ഷൻ മരുന്ന് മാറ്റി കുത്തിവെച്ചതാണ് മരണ കാരണമെന്ന പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസ് രെജിസ്റ്റർ ചെയ്തു. 304 a അശ്രദ്ധയ്ക്കാണ് കേസെടുത്തത്. ഇതിനെത്തുടർന്ന് മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ.

അതേസമയം രോഗിയുടെ മരണ കാരണം വ്യക്തമല്ലയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒക്ടോബർ 27 ഇന്നലെ വൈകിട്ട് നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയതെന്നും എന്താണ് മരണകാരണമെന്ന് വ്യക്തതയില്ല എന്നാണ് ഡോക്ടർ പറഞ്ഞു. വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം തേടി.