നാഗവല്ലിയോ കൂടോത്രമോ അല്ല, യഥാര്‍ത്ഥ വില്ലനെ കണ്ടെത്തി; കൊട്ടാരക്കരയിലെ യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നാലെ വീട്ടില്‍ വിചിത്ര സംഭവങ്ങള്‍ ഉണ്ടാവുന്നതിന് പിന്നിലെ രഹസ്യം കണ്ടെത്തി വീട്ടുകാര്‍
കൊല്ലം: കൊല്ലം ജില്ലയില്‍ നിന്ന് അതി വിചിത്രമായ പരാതിയുമായി എത്തിയ ഒരു കുടുംബത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്തത്.
കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് കുടുംബമാണ് വാട്‌സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന പരാതിയുമായി സൈബര്‍ സെല്ലിനെ നേയും പൊലീസിനെയും സമീപിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ കാരണങ്ങള്‍ സ്വയം കണ്ടെത്തി പലരും അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ മന്ത്രവാദത്തിന്റേയും കൂടോത്രത്തിന്റേയും കഥ പറഞ്ഞപ്പോള്‍ ചിലര്‍ പറഞ്ഞത് സ്ത്രീയില്‍ ഉറങ്ങികിടക്കുന്ന നാഗവല്ലിയെ കുറിച്ചാണ്. ഇപ്പൊഴിതാ ഇതിന്റെ ഒക്കെ ശരിയായ കാരണം വീട്ടുകാര്‍ തന്നെ കണ്ടെത്തിയിരിക്കുകയാണ്.
തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി ഈ വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.
കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്‍ ഇലക്ട്രീഷ്യന്‍ ആണ്. എന്നിട്ടും സ്വന്തം വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഈ വീട്ടിലെ വൈദ്യുത ബോര്‍ഡുകള്‍ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.
അമ്മ വിലാസിനിയുടെ ഫോണില്‍ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങള്‍ വരും ഇതിനനുസരിച്ച് വീട്ടില്‍ ഓരോ കാര്യങ്ങള്‍ സംഭവിക്കുകയായിരുന്നു. സജിതയ്ക്ക് വാട്‌സാപ്പില്‍ നിന്ന് മുറിയിലെ ഫാന്‍ ഇപ്പോള്‍ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം പോകുമെന്ന് മെസ്സേജ് വന്നതിനു തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി. പുതിയതായി വാങ്ങിയ ഫോണിന്റെ കുഴപ്പമാണോ എന്ന് സംശയിച്ച് ഫോണ്‍ മാറ്റി നോക്കിയിട്ടും ഒന്നും മാറ്റം സംഭവിച്ചിരുന്നില്ല എന്നും കുടുംബം പറയുന്നു.
ഇനി കഥയിലെ യഥാര്‍ത്ഥ വില്ലനെ കുറിച്ചറിയാം.
അത് മറ്റാരുമല്ല. സജിതയുടെ ഭര്‍ത്താവ് തന്നെയാണ് എന്നാണ് സജിതയും അമ്മയും പറയുന്നത്. ജി.സി.എന്‍ ന്യൂസ് എന്ന പ്രാദേശിക മാധ്യമത്തോടാണ് കുടുംബം പ്രതികരിച്ചത്.
സംശയ രോഗിയായ ഭര്‍ത്താവുമായി വിട്ട് താമസിക്കുകയാണ് എന്നും വീട്ടില്‍ കുഞ്ഞ് ഉള്ളത് കൊണ്ട് മാത്രമാണ് അയാള്‍ വീട് മൊത്തം തകര്‍ക്കാത്തത് എന്നും സജിത പറയുന്നു. വീട്ടില്‍ നിന്ന് പെന്‍ഡ്രൈവിന് സമാനമായ ഒരു ഉപകരണം കണ്ടെടുത്തു എന്നും, അത് ഊരിയെടുത്ത ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നുമാണ് സജിത പറയുന്നത്.
എന്നാല്‍ തങ്ങള്‍ കൊടുത്ത പരാതിയില്‍ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്നും ഞങ്ങള്‍ക്ക് നീതി വേണം എന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
വീഡിയോ കാണാം