കൊല്ലം ഗുരുദേവ കോളേജിൽ സംഘർഷം; എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റിന്റെ കര്‍ണപടത്തിന് ഗുരുതര പരിക്ക്, പ്രിന്‍സിപ്പല്‍ മർദ്ദിച്ചതെന്ന് ആരോപണം
കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജിലെ സംഘർഷത്തില്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ കര്‍ണപടത്തിന് ഗുരുതരപരിക്ക്. പ്രിന്‍സിപ്പല്‍ മർദ്ദിച്ചതാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ന് രാവിലെ കൊല്ലം ഗുരുദേവ കോളേജില്‍വെച്ചായിരുന്നു എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അഭിനവിന് മര്‍ദ്ദനമേറ്റത്. ഒന്നാം വര്‍ഷ ബിരുദത്തിനായുള്ള അഡ്മിഷന്‍ നടപടിക്രമങ്ങള്‍ കോളേജില്‍ നടക്കുന്നുണ്ടായിരുന്നു. അഡ്മിഷനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ ഓഫീസിന് സമീപം ഹെല്‍പ്പ് ഡസ്‌ക് ഇട്ടിരുന്നു. എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രിന്‍സിപ്പല്‍ ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ വിളിച്ചതു പ്രകാരമാണ് താന്‍ ഗുരുദേവ കോളേജിലെത്തിയതെന്ന് അഭിനവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രിന്‍സിപ്പലിനോട് കാര്യം തിരക്കാന്‍ ചെന്നപ്പോള്‍ ഗുണ്ടകളോട് സംസാരിക്കാന്‍ താനില്ലെന്നും പറഞ്ഞ് മുഖത്ത് അടിക്കുകയായിരുന്നെന്നും ചെവിയുടെ ഭാഗത്താണ് അടികൊണ്ടതെന്നും ഒരു ചെവി കേള്‍ക്കുന്നില്ലെന്നും അഭിനവ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊയിലാണ്ടിയില്‍ നിന്നും റഫര്‍ ചെയ്തിട്ടുണ്ട്. ആറുമാസത്തോളം ചികിത്സവേണ്ടിവരുമെന്നാണ് പറഞ്ഞതെന്നും അഭിനവ് വ്യക്തമാക്കി.