തൊപ്പി ധരിച്ചെത്തി, ഓട്ടോ റിക്ഷയ്ക്കടുത്തെത്തി ബാഗുമായി മുങ്ങിയത് നിമിഷനേരത്തിനകം; പിഷാരികാവ് വലിയ വിളക്ക് ദിവസം കൊല്ലം ആനക്കുളത്ത് മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിക്കപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം മരുതേരി സ്വദേശി രമ്യ റോഡിന് മറുവശത്തുള്ള കടയിലേക്ക് പോയതായിരുന്നു. തിരക്കായതിനാല്‍ കുട്ടികളെ റോഡ് ക്രോസ് ചെയ്യാന്‍ സഹായിക്കാന്‍ ഡ്രൈവറും ഒപ്പം കൂടി. കുട്ടികള്‍ റോഡിനപ്പുറത്തെത്തിയശേഷം ഡ്രൈവര്‍ തിരികെ വന്ന് ഓട്ടോയില്‍ നോക്കിയപ്പോഴേക്കും ബാഗ് നഷ്ടപ്പെട്ടിരുന്നു.

വലിയവിളക്ക് ദിനത്തില്‍ രാത്രി 1.30നായിരുന്നു സംഭവം. ബാഗില്‍ അയ്യായിരം രൂപയും ചെറിയൊരു സ്വര്‍ണാഭരണവും കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മോഷണം നടന്ന സ്ഥലത്തിന് പത്തുമീറ്റര്‍ അകലെവെച്ച് നഷ്ടപ്പെട്ട ബാഗും അതിലുണ്ടായിരുന്ന വസ്ത്രങ്ങളും നോട്ടുപുസ്തകവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

വീഡിയോ: