കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, പണം സംബന്ധിച്ച് ദുരൂഹതകൾ ബാക്കി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച പണം തട്ടിയെന്ന സംഭവത്തിൽ പിടികൂടിയ മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പയ്യോളി സ്വദേശിയായ സുഹൈൽ, സുഹൃത്ത് താഹ, തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) എന്നിവരെയാണ് ഹാജരാക്കിയത്.

ഇവരെ പതിനാല് ദിവസത്തേയ്ക്ക് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു. സംഭവദിവസം തന്നെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ സുഹൈൽ പോലീസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് താഹയെയും തിക്കോടി സ്വദേശിയായ മുഹമ്മദ് യാസിറിനെയും വില്യാപ്പള്ളിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ താഹയുടെ പക്കൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് പ്രകാരം 7240000 രൂപയാണ് നഷ്ടമായിട്ടുള്ളത്. ബാക്കി പണം എവിടെ എന്നതിൽ വ്യക്തത ലഭിക്കാത്തതിനാൽ തുടർ അന്വേഷണങ്ങൾക്കായി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ഇനിയും കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ തട്ടിപ്പാണെന്നും താഹയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തുകയായിരുന്നു.

ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്‌പെഷൽസ്വകാഡ്, എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി .സി .ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

[mid5]