സഞ്ചാരികളെയും കാത്ത് മലപ്പുറത്തിന്റെ സ്വന്തം ഊട്ടി; വേനലവധിയെ വരവേല്‍ക്കാന്‍ കൊടികുത്തിമല വീണ്ടും തുറന്നു


ലപ്പുറത്തിന്റെ മിനി ഊട്ടി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം വടക്കന്‍ മലബാറിലെ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു.

വേനലവധി തുടങ്ങിയതോടെ കുടുംബവുമൊത്ത് ചിലവഴിക്കാന്‍ നല്ല ദൃശ്യഭംഗിയുള്ള സ്ഥലങ്ങള്‍ തേടുന്ന മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് ചെന്നെത്തി ആസ്വദിക്കാവുന്ന പ്രകൃതി രമണീയമായ പ്രദേശമാണ് കൊടികുത്തിമല.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അമ്മിനിക്കാടുനിന്ന് ആറുകിലോമീറ്റര്‍ ദൂരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. പെരിന്തല്‍മണ്ണയില്‍നിന്ന് മേലാറ്റൂര്‍ റോഡില്‍ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂര്‍ റോഡ് വഴി ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്സണ്‍ എസ്റ്റേറ്റിനുള്ളിലൂടെയും ആറ് കിലോമീറ്റര്‍ കടന്നാല്‍ മലയിലേക്ക് റോഡുണ്ട്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലില്‍നിന്ന് ഗ്രാമഭംഗി ആസ്വദിച്ച് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും മലമുകളിലെത്താം.

മലമുകളില്‍ വന്നെത്തുന്ന സഞ്ചാരികള്‍ക്കായി നിരീക്ഷണഗോപുരം, വിശ്രമകേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, തുടങ്ങി നിരവധി സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് ഇവിടെക്കുള്ള പ്രവേശനസമയം. ഒരാള്‍ക്ക് വെറും നാല്‍പ്പത് രൂപ മാത്രമാണ് പ്രവേശനഫീസ്. ക്യാമറ കൈയ്യില്‍ കരുതുന്നവര്‍ 100 രൂപ ഫീസ് അടയ്ക്കണം. പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവുമായി പോകുന്നവര്‍ 100 രൂപ പ്രവേശന കവാടത്തില്‍ പ്രത്യേകം നല്‍കുകയും വേണം. തിരിച്ചിറങ്ങുമ്പോള്‍ കൊണ്ടുപോയ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കുകയാണെങ്കില്‍ പണവും തിരികെ ലഭിക്കും.
നിയന്ത്രണം എടുത്ത് മാറ്റിയതോടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ വന്നെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുകയാണ് കൊടികുത്തി മലയെന്ന പറുദീസ.