സ്ട്രോക്കെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വില്ലന്‍; എന്താണ് അവതാരകനും നടനുമായ മിഥുന്‍രമേശിനെ കീഴടക്കിയ ബെല്‍സ് പാള്‍സി, കാരണങ്ങളും ലക്ഷണങ്ങളുമറിയാം


 


സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് സ്ട്രോക്കാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വില്ലനാണ് ബെല്‍സ് പാള്‍സി. ഇത്തരമൊരു രോഗത്തെക്കുറിച്ച് നമ്മളില്‍ പലരും അറിഞ്ഞുകാണുക ഒരു പക്ഷേ കൊവിഡിന് ശേഷമായിരിക്കും. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമെല്ലാം പ്രേക്ഷകപ്രീതിനേടിയ ചില സെലിബ്രെറ്റികളെ ഈ രോഗം കീഴ്പ്പെടുത്തിയതാണ് ബെല്‍സ് പാള്‍സിയെ മലയാളികള്‍ക്ക് സുപരിചിതമാക്കിയത്.
പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ക്ക് സമാനമായ അസുഖം ബാധിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഏറ്റവും ഒടുവിലായി മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകനും നടനുമായ മിഥുന്‍ രമേശ് ബെല്‍സ് പാള്‍സി ബാധിച്ച് ആശുപത്രിയിലായ വിവരം പുറത്ത് വന്നു. തന്റെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അതിനും മുന്‍പ് ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനും ഈ രോഗം ബാധിച്ചിരുന്നു.

എന്താണ് ബെല്‍സ് പാള്‍സി
അപ്രതീക്ഷിതമായി മുഖത്തിന്റെ ഒരു വശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് തന്നെ ബലക്ഷയം സംഭവിയ്ക്കുന്ന അവസ്ഥയാണിത്. ഇത് വന്നാല്‍ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുന്നു. ചിരിയ്ക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് മാത്രമാകും, ഇത് ബാധിച്ച ഭാഗത്തെ കണ്ണ് അടയ്ക്കാനും പ്രശ്‌നം അനുഭവപ്പെടും. രോഗം ബാധിച്ചിടത്ത് വായ്ക്കു ചുറ്റുമായോ ചെവിയ്ക്ക് പുറകിലായോ വേദനയനുഭവപ്പെടുന്നു. കൂടാതെ ആ ഭാഗത്ത് സൗണ്ട് സെന്‍സിറ്റീവിറ്റി അനുഭവപ്പെടുന്നു. അതായത് ശബ്ദം കേട്ടാല്‍ ദുസഹമാകുന്ന അവസ്ഥ. തലവേദന, രുചിയറിയാന്‍ സാധിയ്ക്കാതിരിയ്ക്കുക, കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവില്‍ വരുന്ന വ്യത്യാസം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചില അപൂര്‍വം കേസുകളില്‍ ഇത് മുഖത്തിന്റെ ഇരു വശങ്ങളേയും ബാധിയ്ക്കാം.

അക്യൂട്ട് പെരിഫറല്‍ ഫേഷ്യല്‍ പാള്‍സി എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്. ഏതു പ്രായത്തിലും നമ്മെ ബാധിച്ചേക്കാവുന്ന രോഗമാണിത്. പാര്‍ഷ്യല്‍ പാരലൈസിസ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാവുന്ന ഇത് സ്‌ട്രോക്കല്ല. വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ശേഷം വരാവുന്ന ഒരു രോഗമാണിത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചികിത്സകള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയിലേക്ക് എളുപ്പത്തില്‍ രോഗിക്ക് എത്തിച്ചേരാന്‍ സാധിക്കും. കഴിവതും വേഗം ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

ഗര്‍ഭിണിയായിരിക്കുന്ന ആദ്യ മൂന്നു മാസവും പ്രസവശേഷം ആദ്യത്തെ ആഴ്ചയും ചില സ്ത്രീകളിലെങ്കിലും ഇതുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഫ്‌ളൂ, അഡിനോവൈറസ് കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍, ചിക്കന്‍ പോക്‌സ് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകള്‍ എന്നിവയെല്ലാം ഇതിന് കാരണമായേക്കാം. പ്രമേഹം, ഹൈ ബിപി, അമിത വണ്ണം എന്നിവയെല്ലാ ചില അവസരങ്ങളില്‍ ഇതിലേയ്ക്ക് നയിക്കാം. പാരമ്പര്യമായും ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു അസുഖമാണിത്. . മുഖത്തെ നെര്‍വുകള്‍ പൂര്‍ണമായും നശിച്ചാലേ ബെല്‍സ് പാള്‍സി അപകടകരമായ അവസ്ഥയിലേക്കെത്തൂ.