അഴിയൂരിൽ കശുവണ്ടി വികസന കോർപ്പറേഷൻ്റെ യാർഡ് മതിൽ തകർന്ന സ്ഥലം കെ.കെ.രമ എം.എൽ.എ സന്ദർശിച്ചു; അടിയന്തിര നടപടിയുണ്ടാവുമെന്ന് ഉറപ്പുനൽകി


അഴിയൂർ: അഴിയൂർ പഞ്ചായത്തിലെ 16ആം വാർഡിൽ സ്ഥിതി ചെയ്യുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിൻ്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് യാർഡിൻ്റെ വടക്ക് ഭാഗത്തെ മതിൽ തകർന്ന് വീണത്. വിദ്യാർത്ഥികൾ അടക്കം നിരന്തരം യാത്ര ചെയ്യുന്ന വഴിയിലാണ് മതിൽ തകർന്ന് വീണത്. രാത്രിയായതിനാലാണ് വൻ അപകടം ഒഴിവായത്.

പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായും മാലിന്യ നിക്ഷേപ കേന്ദ്രമായും ഇഴജന്തുക്കളുടെയും വന്യജീവികളുടെയും വിഹാര കേന്ദ്രവുമായി മാറിയ മൂന്നര ഏക്കർ ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനും, ജനോപകാരപ്രദമായ പദ്ധതികൾക്ക് വേണ്ടി ഉപയോഗപ്പെടുത്തും വിധം അടിയന്തിര നടപടി സ്വീകരിക്കുവാനും വകുപ്പ് മന്ത്രിയെ കാണുമെന്ന് കെ.കെ.രമ പറഞ്ഞു. ചുറ്റുമതിൽ നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയതായി കശുവണ്ടി കോർപ്പറേഷൻ അധികൃതർ അറിയിച്ചതായും എംഎൽഎ പറഞ്ഞു.

കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ പടിഞ്ഞാറ് ഭാഗത്തെ മതിൽ തകർന്ന് വീണിരുന്നു. ചുറ്റുമതിലിന്റെ അപകട ഭീഷണി നിലനിൽക്കുന്ന ഉയർന്ന ഭാഗങ്ങൾ അടിയന്തരമായി പൊളിച്ചു മാറ്റാൻ പഞ്ചായത്ത് അധികൃതരോട് എംഎൽഎ നിർദ്ദേശിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ നാളികേര സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി എംഎൽഎയുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ പ്രാഥമിക ഫണ്ട് വകയിരുത്തിയിരുന്നു. എന്നാൽ ഭൂമി വിട്ടു കിട്ടാത്തത് കാരണം തുടർനടപടികൾ ഉണ്ടായിട്ടില്ല.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ചുറ്റുമതിലിൻ്റെ ഉയർന്ന ഭാഗങ്ങൾ പ്രസിഡണ്ടിൻ്റെ പ്രത്യേക അടിയന്തിര ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് പൊളിച്ച് മാറ്റുമെന്ന് കൂടെ ഉണ്ടായിരുന്ന അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അറിയിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് യു.എ.റഹീം, രാജൻ മാസ്റ്റർ, കെ.ബാബുരാജ്, കെ.പി.അനിൽകുമാർ, ശ്രീജിത്ത്.കെ.കെ, ടി.സി.രാമചന്ദ്രൻ, അശോകൻ കളത്തിൽ എന്നിവരും സംബന്ധിച്ചു.