മയ്യഴിപുഴ കയ്യേറ്റം സംബന്ധിച്ച വാർത്ത: നാദാപുരത്തെ മാധ്യമ പ്രവർത്തകര്‍ക്കെതിരായ വധഭീഷണിയില്‍ ശക്തമായ നടപടി വേണമെന്ന് കെ.ജെ.യു


കോഴിക്കോട്: മയ്യഴി പുഴ കൈയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകരെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജന്മഭൂമി നാദാപുരം ലേഖകൻ സജീവൻ നാദാപുരം, കേരള കൗമുദി ലേഖകൻ വി.പി രാധാകൃഷ്ണൻ എന്നിവർക്കെതിരെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസ് സാമൂഹ്യ മാധ്യമം വഴി വധഭീഷണി മുഴക്കിയത്.

ഇയാൾക്കെതിരെ കേസെടുക്കണമെന്ന് കെ.ജെ.യു ആവശ്യപ്പെട്ടു. സംഭവത്തില്‍ നാദാപുരം ഡിവൈഎസ്പിക്ക് മാധ്യമ പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.

വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോടുള്ള ജനാധിപത്യവിരുദ്ധമായ ഭീഷണികൾക്കെതിരെ അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡണ്ട്‌ ഇ.എം ബാബു, സെക്രട്ടറി ബൈജു വയലിൽ എന്നിവർ ആവശ്യപ്പെട്ടു.