ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും; പേരാമ്പ്രയിൽ കിസാൻമേള
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മ കോഴിക്കോടും സംയുക്തമായി കിസാൻമേള സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു.
ഭാരതീയ പ്രകൃതി ചികിത്സ പദ്ധതിയായ സുഭിക്ഷം സുരക്ഷിതത്തിന്റെ ഭാഗമായാണ് കിസാൻമേളയും കിസാൻ ഗോഷ്ഠിയും സംഘടിപ്പിച്ചത്. തെങ്ങ് കൃഷിയിലെ ശാസ്ത്രീയ കൃഷി രീതികൾ എന്ന വിഷയത്തിൽ സി പി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി സുബ്രഹ്മണ്യനും ജൈവ കൃഷി രീതി എന്ന വിഷയത്തിൽ റിട്ടയേർഡ് ജെ ഡി എ വിക്രമൻ നായരും ക്ലാസ് നയിച്ചു. മേളയുടെ ഭാഗമായി ജൈവ കാർഷിക ഉൽപ്പന്നങ്ങൾ, ഉൽപാദന ഉപാധികൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടന്നു.
വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ബി എഫ എസി പേരാമ്പ്ര ബ്ലോക്ക് ചെയർമാൻ കെ കെ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര സ്വാഗതവും ഭാരതീയ പ്രകൃതി ചികിത്സ പദ്ധതി പേരാമ്പ്ര ബ്ലോക്ക് സി ആർ പി ശശി പാടിക്കുന്നിൽ നന്ദിയും പറഞ്ഞു.