കുറ്റ്യാടി ബൈപ്പാസ്; കിഫ്ബി വിദഗ്ധസംഘമെത്തി, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തി പൂർത്തികരിക്കാൻ ലക്ഷ്യം
കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസിൽ കിഫ്ബി വിദഗ്ധസംഘം പരിശോധന നടത്തി. ബൈപ്പാസ് പ്രവൃത്തിക്ക് ആവശ്യമായ സൈറ്റ് ഓഫീസും ലാബുമടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിച്ചുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി വിദഗ്ധസംഘം ഈ സംവിധാനങ്ങൾ വിലയിരുത്തി. കൂടാതെ സൈറ്റ് സന്ദർശനവും നടത്തി.
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചതന്നെ 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാനുള്ള കരട് തയ്യാറായിക്കഴിഞ്ഞു. കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ് ജെ വിജയദാസ് ,പ്രോജക്ട് എക്സാമിനർ സൻജീദ് ഫർഹാൻ, സീനിയർ ഇൻസ്പെക്ഷൻ എൻജിനീയർ ഇർഷാദ് ആർ, ആർബിഡിസികെ എൻജിനീയർ അതുൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.