ഉള്ളിയേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു


ഉള്ളിയേരി: ഉള്ളിയേരിയിൽ നിന്നു ടി.സി വാങ്ങാനായി പോയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. അൻപത്തിയൊന്നു വയസ്സായിരുന്നു. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിൽ ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.

കേസിലെ മുഖ്യപ്രതിയായ അബ്ദുൾ നാസറിന് പെൺകുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. സുബിനും സുഹൃത്തും പാലോറമലയില്‍ കാത്തു നില്‍ക്കുമെന്നു പറഞ്ഞതിനാല്‍ കുട്ടി അവിടെ എത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നാണു നാസര്‍ കാറില്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് രാത്രി കൊളത്തൂരില്‍ സിറാജിന്റെ വീടിനു സമീപമെത്തി. അവിടെ നിന്ന് ഇരുവരും എം.ഡി.എം.എ ഉപയോഗിച്ചിരുന്നു. സുബിനെതിരെ പോക്‌സോ കേസും ചുമത്തി.


വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് ജലജയെ കണ്ടത്. മകന്‍ കേസില്‍ ഉള്‍പ്പെട്ടതിലുള്ള വിഷമം ജലജ അയല്‍വാസികളുമായി പങ്കുവെച്ചിരുന്നു. എലത്തൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പുറക്കാട്ടേരിയില്‍ തയ്യല്‍ കട നടത്തുകയായിരുന്നു ജലജ. ഭര്‍ത്താവ് സുന്ദരന്‍.