‘ക്ഷീരോൽപാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റം’- മന്ത്രി ജെ.ചിഞ്ചുറാണി; പേരാമ്പ്രയിൽ ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും സംഘടിപ്പിച്ചു


പേരാമ്പ്ര: ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റമാണെന്ന് മൃ​ഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തീറ്റപുൽ, ചോളം എന്നിവയുടെ കൃഷി വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം. കന്നുകാലികൾക്ക് വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി എല്ലാ ബ്ലോക്കിലും വാഹനം നൽകും.

തിരുവനന്തപുരത്തുള്ള കോൾ സെന്റർ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവർത്തനങ്ങൾ. പദ്ധതി പ്രാവർത്തികമാകുന്നതോടെ നാലക്ക നമ്പറിലേക്ക് വിളിച്ചാൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 29 വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് ബാക്കിയുള്ള ഇൻസെന്റീവ് തുക ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര സം​ഗമം സംഘടിപ്പിച്ചത്. കുറ്റിവയൽ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന സം​ഗമത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കേരള ഫീഡ്സ്, മിൽമ, ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ആത്മ, മറ്റു സഹകരണ സ്ഥാപനങ്ങൾ,എഫ്.ഐ.ബി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

പരിപാടിയോട് അനുബന്ധിച്ച് നടന്ന കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു.

ക്ഷീര മേഖലയിലെ പുരോ​ഗതിയും അറിവുകളും പകർന്നു നൽകുന്ന ക്ഷീര വികസന സെമിനാറുകൾ, പ്രദർശനം, ഡയറി ക്വിസ്, സമ്മാന ദാനം എന്നിവയും നടന്നു. പാൽ ​ഗുണ നിലവാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പന്തലായനി ക്ഷീര വികസന ഓഫീസർ പി.സജിത, ലാഭകരമായ പശുവളർത്തൽ എന്ന വിഷയത്തിൽ റിട്ട. ജില്ലാ വെറ്റിനറി ഓഫീസർ ജോൺ കട്ടക്കയം എന്നിവർ ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ രജിത, കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി.ടി ഷീബ, ​ഗ്രാമപഞ്ചായത്തം​ഗങ്ങൾ, ക്ഷീര സംഘം പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു