രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളം നാളെയിറങ്ങും; ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിൽ കേരളത്തിലെ കായികപ്രേമികൾ
കേരളം ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ നിമഷത്തിലൂടെ കടന്നുപോകുകയാണ്. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാൻ കേരളം നാളെയിറങ്ങുന്നു. സച്ചിൻ ബേബിയും സംഘവും നാളെ വിദർഭയ്ക്ക് എതിരെ കലാശപ്പോരിനിറങ്ങുമ്പോൾ കന്നികിരീട പ്രതീക്ഷയിലാണ് മലയാളികൾ.
ഈ സീസണിൽ വിജയ് ഹസാരെ ട്രോഫി മുതല്‍ രഞ്ജി ട്രോഫി ഫൈനല്‍ വരെ എത്തി നില്‍ക്കുന്ന വിദർഭയുടെ കണക്കുകള്‍ നോക്കിയാല്‍ അവർ തോല്‍വി വഴങ്ങിയത് ഒരു കളിയില്‍ മാത്രം. കർണാടകയ്ക്ക് എതിരെ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ആയിരുന്നു അത്. വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കാലിടറിയത് പോലെ രഞ്ജി ട്രോഫി ഫൈനലിലും വിദർഭയ്ക്ക് കാലിടറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സീസണില്‍ ഒൻപത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ എട്ടിലും ജയം വിദർഭയ്ക്കായിരുന്നു. സമനിലയിലായത് ഒരു മത്സരം. രാജസ്ഥാൻ, ഹൈദരാബാദ്, തമിഴ്നാട്, മുംബൈ ടീമുകളെ വീഴ്ത്തിയാണ് വിദർഭ ഫൈനലില്‍ എത്തി നില്‍ക്കുന്നത്. അഞ്ച് വർഷം മുൻപാണ് ഇതിന് മുൻപ് വിദർഭ രഞ്ജി ട്രോഫി ചാമ്പ്യൻമാരായത്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മുംബൈയോട് തോറ്റാണ് വിദർഭയ്ക്ക് കിരീടം നഷ്ടമായത്.

ചെറുത്ത് നില്‍പ്പിന്റെ കരുത്തുമായാണ് കേരളം ഫൈനലിനിറങ്ങുന്നത്. പോരാട്ട വീര്യത്തോടൊപ്പം ഭാഗ്യവും ഒപ്പം നിന്നതോടെയാണ് ആദ്യ രഞ്ജി ട്രോഫി ഫൈനലിലേക്ക് കേരളം എത്തിയത്. ക്വാർട്ടറില്‍ മുഹമ്മദ് സല്‍മാനും സച്ചിൻ ബേബിയും ചേർന്ന് അവസാന വിക്കറ്റില്‍ കണ്ടെത്തിയ 81 റണ്‍സോടെ ഒരു റണ്‍സ് ലീഡിന്റെ ബലത്തില്‍ സെമിയിലേക്ക്. സെമിയില്‍ രണ്ട് റണ്‍സ് ലീഡിന്റെ ബലത്തില്‍ ഫൈനലിലേക്ക്.
സല്‍മാൻ നിസാർ ആണ് കേരളത്തിന്റെ റണ്‍വേട്ടയില്‍ മുൻപില്‍. എട്ട് മത്സരങ്ങളില്‍ നിന്ന് സല്‍മാൻ നേടിയത് 607 റണ്‍സ്. രണ്ട് സെഞ്ചുറിയും മൂന്ന് അർധ ശതകവും സല്‍മാന്റെ ബാറ്റില്‍ നിന്ന് വന്നു. 601 റണ്‍സ് ആണ് മുഹമ്മദ് അസ്ഹറുദ്ദീൻ കണ്ടെത്തിയത്. ബോളിങ്ങിലേക്ക് വരുമ്ബോള്‍ 38 വിക്കറ്റുമായി സക്സേനയാണ് കേരള താരങ്ങളില്‍ മുൻപില്‍. വിദർഭയുടെ മുൻ താരം ആദിത്യാ സർവാതെയാണ് സക്സേനയ്ക്ക് കേരള ടീമില്‍ നിന്ന് പിന്തുണ നല്‍കുന്ന മറ്റൊരു ബോളർ. 30 വിക്കറ്റ് ആണ് സർവാതെ ഈ സീസണില്‍ വീഴ്ത്തിയത്.

കേരളത്തിലെ ക്രിക്കറ്റ് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് രഞ്ജി ട്രോഫി ഫൈനൽ മത്സരത്തെ ഉറ്റുനോക്കുന്നത്. ഫുട്ബോളിന് മേൽകൈ ഉണ്ടായിരുന്ന കേരളം നിരവധി തവണ സന്തോഷ് ട്രോഫി ദേശീയ ടൂർണമെൻ്റ് ചാമ്പ്യൻമാരായത് പലതവണ നാമെല്ലാം ആഘോഷിച്ചിട്ടുണ്ട്. ക്രിക്കറ്റിലും കേരളം ഒരു ദേശീയ ചാമ്പ്യൻഷിപ്പ് വിജയിക്കുന്നത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ കായിക പ്രേമികളെല്ലാം.
ഫെബ്രുവരി 26 മുതല്‍ മാർച്ച് രണ്ട് വരെയാണ് രഞ്ജി ട്രോഫി ഫൈനല്‍. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. ടോസ് ഒൻപത് മണിക്ക്. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് രഞ്ജി ട്രോഫി ഫൈനല്‍ മത്സരം നടക്കുന്നത്. ജിയോ ഹോട്സ്റ്റാർ ആപ്പില്‍ രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ലഭ്യമാണ്.
കേരളത്തിൻ്റെ സാധ്യത പ്ലേയിങ് ഇലവൻ:
അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മല്‍, വരുണ്‍ നായനാർ, സച്ചിൻ ബേബിഷ ജലജ് സക്സേന, സല്‍മാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹ്മദ് ഇമ്രാൻ, ആദിത്യാ സർവാതെ, എം.ഡി.നിധീഷ്, ബേസില്‍
വിദർഭയുടെ സാധ്യത പ്ലേയിങ് ഇലവൻ:
ആഥർവ തയ്ഡേ, ധ്രുവ് ഷോറെ, ഡാനിഷ് മലേവർ, കരുണ്‍ നായർ, യഷ് റാത്തോഡ്, അക്ഷയ് വഡ്കർ, ഹർഷ് ദുബെ, ദർശൻ നഷകൻഡേ, പാർഥ് രേഖഡെ, നചികേത് ഭൂട്ടേ, യഷ് താക്കൂർ.
Summary: Kerala will play Ranji Trophy cricket final tomorrow; Sports fans in Kerala are waiting for the historic moment