ലഹരി ഉപയോഗിക്കുന്നവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന തീരുമാനവുമായി കേരള സർവകലാശാല; വിദ്യാർത്ഥികൾ സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: വിദ്യാർഥികൾ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാൻ നടപടിയുമായി കേരള സർവകലാശാല. ഇനി മുതൽ സർവകലാശാലയിൽ പഠിക്കണമെങ്കിൽ വിദ്യാർഥ്ഥികൾ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നൽകണം. സർവകലാശാലാ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാൻസലർ (വിസി) ഡോ. മോഹനൻ കുന്നുമ്മൽ ഇക്കാര്യം വ്യക്തമാക്കിയത്.
‘മയക്കുമരുന്നിന്റെ കാര്യത്തിൽ ഏറ്റവും വലിയ നടപടിയാണ് കേരള സർവകലാശാല സ്വീകരിച്ചിട്ടുള്ളത്. ഇനി മുതൽ കേരള സർവകലാശാലയിൽ പഠിക്കണമെങ്കിൽ ‘ഞാൻ മയക്കുമരുന്ന് ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം വേണം. സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദ്യാർഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടാൽ സർവകലാശാലയ്ക്ക് നടപടിയെടുക്കാൻ സ്വാതന്ത്ര്യമുണ്ടാകും. ഇത് നിയമപരമായി നിലനിൽക്കുമോ എന്ന ചോദ്യം വരാം. പക്ഷേ ഇങ്ങനെയൊരു കാര്യമാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്.’ -കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

‘കാര്യവട്ടത്തെ സർവകലാശാലാ ഹോസ്റ്റൽ അടക്കം എല്ലാ ഹോസ്റ്റലുകളിലും ഈ രീതിയിൽ പോലീസ് റെയ്ഡ് നടത്തുകയും കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും വേണം. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് റെയ്ഡ് വേണം എന്നല്ല. എല്ലാ കുട്ടികളും ആരോപണവിധേയരാണ്. അതുകൊണ്ടാണ് ഹോസ്റ്റലുകളിൽ പോലീസ് റെയ്ഡ് നടത്തി അവിടം ക്ലീനാണ് എന്ന സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്.’ -വൈസ് ചാൻസലർ പറഞ്ഞു.