കളിച്ച് സമയം കളയേണ്ട, ഇനിയുള്ള ചുരുങ്ങിയ ദിവസം പഠനത്തിനായി മാറ്റിവെക്കാം; സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍, 31ന് സ്‌കൂള്‍ അടക്കും


തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗത്തില്‍ ധാരണ.

31ന് സ്‌കൂളുകള്‍ മധ്യവേനലവധിക്കായി അടക്കും. രാവിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഉച്ചക്കു ശേഷം രണ്ട് മണി മുതലായിരിക്കും നടക്കുക.

വെള്ളിയാഴ്ചകളില്‍ രണ്ടേകാല്‍ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. വിശദ ടൈംടേബിള്‍ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്താനാണ് ധാരണ.