കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ‘ഇന്ത്യാ സ്റ്റോറി’യുടെ ആദ്യ അവതരണം 20ന് വടകരയിൽ
വടകര: കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന നാടകയാത്ര ‘ഇന്ത്യാ സ്റ്റോറി’യുടെ ആദ്യ അവതരണം 20ന് വടകരയിൽ നടത്തും. നഗരസഭ സാംസ്കാരികചത്വരത്തിൽ വൈകീട്ട് 6.30നാണ് പരിപാടിയെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ബഹുസ്വരതയുടെ സൗന്ദര്യം മറച്ചുവെച്ച് സർവവും ഒരു അധികാരകേന്ദ്രത്തിലേക്ക് പരിമിതിപ്പെടുത്തുമ്പോൾ അതിനെതിരേയുള്ള ഉണർത്തുപാട്ടാണ് ഇന്ത്യാ സ്റ്റോറിയെന്ന് സംഘാടകസമിതി വ്യക്തമാക്കി.
ഒരുമണിക്കൂർ നീളുന്ന നാടകത്തിൽ 16 പേരാണ് അണിയറയില്‍ എത്തുന്നത്. നാടകയാത്രയുടെ ഉദ്ഘാടനം അത്തോളിയിൽ നടക്കുമെങ്കിലും ആദ്യ അവതരണം വടകരയിലാണ്. തുടർന്ന് വയനാട്ടിലേക്കു പോകും.
സംസ്ഥാനത്ത് മൊത്തം 200ഓളം വേദികളിൽ നാടകം അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ പി.കെ സതീശൻ, മണലിൽ മോഹനൻ, എം.സി സജീവൻ, ടി.ടി വത്സൻ, പി.ടി സദാനന്ദൻ, കെ.വി വത്സലൻ എന്നിവർ പങ്കെടുത്തു.
Description: Kerala Sastra Sahitya Parishad's first presentation of 'India Story' at Vadakara on 20