കനത്ത സുരക്ഷമാത്രമല്ല നല്ല ചൂട് ചുക്കുകാപ്പിയുമുണ്ട് കേരള പോലീസിന്റെ വക; കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്


കോഴിക്കോട്: കോഴിക്കോട് കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്. വെസ്റ്റ് ഹില്‍ വിക്രം മൈതാനിയിലെ പ്രധാനവേദിയുടെ പ്രവേശനകവാടത്തിന് സമീപത്ത് ഒരുക്കിയ കൗണ്ടര്‍ വഴിയാണ് പോലീസ് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്നത്.

പോലീസുകാരുടെ വീടുകളില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പിയുടെ നിര്‍മ്മാണം. 15 ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പി തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശര്‍ക്കരയും മാത്രമാണ് പുറത്ത് നിന്നും വാങ്ങുന്നത്. 4500 പേര്‍ക്കെങ്കിലും ചുരുങ്ങിയത് ഒരു ദിവസം കാപ്പി നല്‍കുന്നുണ്ട്.

കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് മേളയ്‌കെത്തുന്നവര്‍ക്കായി ചുക്കുകാപ്പി ഒരുക്കിയിരിക്കുന്നത്. ഇതിനുള്ള തുകയും ഇവര്‍ തുല്യമായി വീതിക്കും. വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പ്രതിദിനം 15 പോലീസുകാരാണ് ഈ കൗണ്ടറില്‍ ജോലി ചെയ്യുന്നത്.