കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നാളെ തുടക്കം
വടകര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് സമ്മേളനം നടക്കുക.വ്യാഴാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് രക്തസാക്ഷി അനുസ്മരണം നടക്കും. 10 മണിക്ക് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ്. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനംത്തിന് പുറമെ യാത്രയയപ്പ്, സെമിനാർ, പൊതുസമ്മേളനം എന്നിവ നടക്കും. കേരള പോലീസിൽ വരേണ്ട അനിവാര്യമായ മാറ്റങ്ങളെ സംബന്ധിച്ച് സമ്മേളനം വിശദമായി ചർച്ച ചെയ്യും. പോലീസ് പൊതു സമൂഹത്തിന് നൽകുന്ന സേവനങ്ങൾ കൂടുതൽ മികവിലെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം തൊഴിലിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി ഭാരവും മാനസിക സമ്മർദവും ഉൾപ്പടെ കുറച്ചുകൊണ്ടുവരുന്നതിനും ആവശ്യമായ നടപടികൾ സമ്മേളനം ചർച്ച ചെയ്യും.
സമപന ദിവസമായ 24 ന് രാവിലെ 10 മണിക്ക് ‘വളരുന്ന കേരളം വളരേണ്ട പോലീസ്’എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ.ബൈജുനാഥ് മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആർ.കേളു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ്, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം, നോർത്ത് സോൺ ഐജി കെ.സേതുരാമൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
Description: Kerala Police Officers Association 34th State Conference; Starting tomorrow at Iringal Craft Village
[mid5]