140 കിലോമീറ്റർ കടന്നും സ്വകാര്യ ബസ്സുകൾക്ക് ഓടാം; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കേരള മോട്ടോർ&എഞ്ചിനീയറിംങ്ങ് ലേബർ സെന്റർ യൂണിയൻ
വടകര: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള മോട്ടോർ ( പ്രൈവറ്റ് ബസ് )& എഞ്ചിനീയറിംങ്ങ് ലേബർ സെന്റർ ( എച്ച്.എം എസ് ) യൂണിയൻ. ഹൈക്കോടതിയുടെ നിർണായ വിധി കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാകും. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരത്തിൽ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയതെന്നും സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും സംയുക്‌ത പത്രക്കുറിപ്പിൽ അറിയിച്ചു.
140 കിലോമീറ്ററിലധികം ദൂരത്തിൽ പെർമിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ എച്ച്.എം. എസ് ആദ്യം തന്നെ പരസ്യമായി എതിർപ്പുമായി രംഗത്ത് വന്നിരുന്നു. എച്ച്.എം.എസ്. ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിക്ഷേധവും പ്രൈവറ്റ് ബസ് ഉടമാ സംഘടനകളുടെ പ്രതിക്ഷേധവും ഹർജിയിലുമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. മോട്ടോർ വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹർജിയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി പ്രതിനിധികളും വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി ഉത്തരവോടെ കൂടുതൽ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെർമിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകും. വ്യവസ്ഥ റദ്ദാക്കിയത് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളെ ഉൾപ്പെടെ ബാധിക്കും. എറണാകുളം – കുമളി, കോഴിക്കോട് വയനാട്, പെർമിറ്റുകൾ സ്വകാര്യ ബസ്സുകൾക്ക് ഗുണകരമാകുമെന്നും തൊഴിൽ നഷ്ടപ്പെട്ട കോഴിക്കോട്,ഇടുക്കി, പത്തനംതിട്ട , ഉൾപ്പെടുന്ന ഹൈറേഞ്ച് മേഖലകളിലെ നിരവധി ദീർഘ ദൂര ബസ്സുകളിലെ തൊഴിലാളികൾക്ക് കോടതി വിധിയിലൂടെ തൊഴിൽ തിരിച്ച് ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് നേതാക്കൾ പറഞ്ഞു.