കൂട്ടുകാരുമായി ഒരുമിച്ചാണോ വിഷുബംപര്‍ ലോട്ടറി ടിക്കറ്റ് എടുത്തത്? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കുക
അടുത്തിടെയായി ബമ്പര്‍ ലോട്ടറികള്‍ക്ക് ആളുകള്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. സുഹൃത്തുക്കളോ ഒരുമിച്ച് ജോലി ചെയ്യുന്നവരോ ചേര്‍ന്ന് ഒന്നോ അതിലേറെയോ ലോട്ടറികള്‍ ഷെയര്‍ ഇട്ട് എടുക്കുന്ന രീതിയുമുണ്ട്. ഇത്തരം ലോട്ടറകള്‍ക്ക് സമ്മാനമടിച്ച ചരിത്രവുമുണ്ട്. പരസ്പരമുള്ള വിശ്വാസത്തിന്റെ പുറത്താണെങ്കില്‍ കൂടി ലോട്ടറി ടിക്കറ്റുകള്‍ ഷെയറിട്ട് എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ( kerala lottery share price claim procedure).
ലോട്ടറി ടിക്കറ്റുകള്‍ കൂട്ടം ചേര്‍ന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ല. അതായത് സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നല്‍കില്ല.
സമ്മാനത്തുക സ്വീകരിക്കാന്‍ ടിക്കറ്റ് എടുത്ത സംഘത്തിലെ ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ചുമതലപ്പെടുത്തിയ ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരിക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
ലോട്ടറി വാങ്ങിയാല്‍ ആദ്യം ചെയ്യേണ്ടത്?
ഉടമസ്ഥാവകാശം ഉറപ്പിക്കുകയാണ് ആദ്യത്തെ പടി. ടിക്കറ്റിന്റെ പിന്‍ഭാഗത്തുള്ള പേരും വിലാസവും ഒപ്പും അനുസരിച്ചാണ് ഉടമയെ തീരുമാനിക്കുന്നത്. അതിനാല്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ സ്വന്തം പേരും വിലാസവും എഴുതി ഒപ്പ് ഇടാന്‍ മറക്കരുത്.
വിഷു ബമ്പര്‍ നറുക്കെടുപ്പ് എന്ന് ?
വിഷു ബമ്പര്‍ നറുക്കെടുപ്പ് മെയ് 24നാണ്. കഴിഞ്ഞ വര്‍ഷം വരെ 10 കോടിയായിരുന്നു ബമ്പര്‍ സമ്മാനമെങ്കില്‍ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനമടിച്ചാല്‍ എത്ര രൂപ കൈയില്‍ കിട്ടും ?
വിഷു ബമ്പര്‍ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയില്‍ ലഭിക്കില്ല. കഴിഞ്ഞ വര്‍ഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയില്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജന്‍സി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാല്‍ 12 കോടി ലഭിക്കുന്ന ഈ വര്‍ഷത്തെ ഭാഗ്യവാന് കൈയില്‍ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.
കാലാവധി
നറുക്കെടുപ്പ് നടന്ന് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കേണ്ടി വരും.