94 വര്‍ഷത്തെ ‘വെജിറ്റേറിയന്‍ ബന്ധം’ അവസാനിപ്പിച്ച് കേരള കലാമണ്ഡലം; കുട്ടികള്‍ ഇനി ചിക്കന്‍ ബിരിയാണിയും കഴിക്കും


തൃശ്ശൂര്‍: 1930മുതലുള്ള ‘വെജിറ്റേറിയന്‍ ശീലം’ അവസാനിപ്പിച്ച് കേരള കലാമണ്ഡലം. വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യപ്രകാരം കഴിഞ്ഞ ബുധനാഴ്ചയാണ് കാന്റീനില്‍ ചിക്കന്‍ ബിരിയാണി വിളമ്പിയത്.

മാംസാഹാരത്തിന് കലാമണ്ഡലത്തില്‍ വിലക്കില്ലെങ്കിലും വര്‍ഷങ്ങളായി ഇവിടെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരുന്നു വിളമ്പിയിരുന്നത്. അതേ സമയം കാന്റീനില്‍ മാംസാഹാരം ഉണ്ടാക്കി തുടങ്ങിയിട്ടില്ല. വിയ്യൂര്‍ ജയിലില്‍ നിന്നുമുള്ള ബിരിയാണിയാണ്‌ ഇവിടെ വിളമ്പിയത്.

450 വിദ്യാര്‍ത്ഥികളാണ് ബിരിയാണി കഴിച്ചത്. എന്നാല്‍ ഇത് സ്ഥിരം സംവിധാനമല്ല. ബുധനാഴ്ചകളില്‍ മാത്രമാണ് ഇത്തരത്തില്‍ മാംസാഹാരം കൊടുക്കാന്‍ നിലവില്‍ തീരുമാനിച്ചത്. അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ഭരണസമിതി അംഗങ്ങള്‍ക്കോ മാംസാഹാരം കഴിക്കുന്നതിന് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിക്കാനുള്ള അനുമതിയും കലാമണ്ഡലത്തില്‍ ഉണ്ടായിരുന്നു.